തിരുവനന്തപുരം: (www.kvartha.com) പാലക്കാട് ഇരട്ടക്കൊലപാതകക്കേസില്‍ അന്വേഷണ പുരോഗതിയുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. ശ്രീനിവാസന്‍ കേസില്‍ ആറ് പ്രതികളെയും സുബൈര്‍ കേസില്‍ മൂന്ന് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് എഡിജിപി പറഞ്ഞു.
പ്രതികള്‍ക്ക് രാഷ്ട്രീയ സംഘടനകളുമായി ബന്ധമുണ്ട്. ഗൂഢാലോചന നടത്തിയവര്‍ക്കെതിരേയും നടപടിയുണ്ടാവുമെന്ന് വിജയ് സാഖറെ വ്യക്തമാക്കി. അതേസമയം കൊലപാതകങ്ങളില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശ്രീനിവാസന്റെ കൊലപാതക കേസില്‍ പ്രതികള്‍ എന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരു കേസുകളിലും കസ്റ്റഡിയിലുള്ളവരുടെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിക്കുന്നുണ്ട്.
ശ്രീനിവാസന്‍ വധക്കേസിലെ ആറ് പ്രതികള്‍ പോപുലര്‍ ഫ്രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും സുബൈര്‍ വധക്കേസിലെ പ്രതികള്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും വിജയ് സാഖറെ വ്യക്തമാക്കി. സുബൈര്‍ വധകേസില്‍ അറസ്റ്റ് ഉടനുണ്ടാവും. ശ്രീനിവാസന്‍ വധക്കേസിലെ ആറു പ്രതികളില്‍ രണ്ടു പേരെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു. കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരേയും നടപടിയുണ്ടാവുമെന്നും പൊലീസ് വ്യക്തമാക്കി.
സുബൈര്‍ വധത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊന്നതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
അതേസമയം മന്ത്രി കെ കൃഷ്ണണ്‍കുട്ടിയുടെ അധ്യക്ഷതയില്‍ സര്‍വകകഷി സമാധാന യോഗം വൈകിട്ട് ചേരും.