Prem Nazir's House | മലയാള സിനിമയുടെ നിത്യഹരിത നായകനും പത്മശ്രീ ജേതാവുമായ പ്രേംനസീറിന്റെ വസതി 'ലൈലാ കോടേജ്' വില്‍പനയ്ക്ക്; സര്‍കാര്‍ ഏറ്റെടുത്ത് സ്മാരകം ആക്കണമെന്ന് ആവശ്യം
Apr 22, 2022, 09:31 IST
തിരുവനന്തപുരം: (www.kvartha.com) മലയാളത്തിന്റെ നിത്യ വസന്തം പ്രേംനസീര്‍ വിടവാങ്ങിയിട്ട് 33 വര്‍ഷം. ചിറയിന്‍കീഴുകാരുടെ സ്വന്തം അബ്ദുള്‍ ഖാദറായി എത്തി മലയാള സിനിമയുടെ മനസ് കീഴടക്കിയ നിത്യഹരിത നായകനായി പ്രേംനസീര്‍ മാറിയത് വളരെ വേഗത്തിലായിരുന്നു. അഭ്രപാളികളില്‍ തെളിയുന്ന കഥാപാത്രങ്ങള്‍. കാതുകളില്‍ മുഴങ്ങുന്ന ഭാവസമ്പന്നമായ സംഭാഷണങ്ങള്‍. പ്രേംനസീര്‍ എന്ന കലാകാരന്‍ മലയാള സിനിമയില്‍ എന്നും അനശ്വരനാണ്.
പ്രണയസങ്കല്‍പ്പങ്ങള്‍ക്ക് വൈള്ളിത്തിരയില്‍ നാനാര്‍ഥങ്ങള്‍ നല്‍കി മികച്ച അഭിനേതാവായും നാട്യങ്ങള്‍ക്കപ്പുറത്ത് നല്ല മനുഷ്യനായും അദ്ദേഹം ജീവിച്ചു. മലയാളി മനസിലെ പുരുഷ സങ്കല്‍പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ഓരോ കഥാപാത്രവും. വിടപറഞ്ഞു പോയിട്ട് വര്‍ഷങ്ങളേറെക്കഴിഞ്ഞിട്ടും മലയാളിയുടെ മനസില്‍ മരംചുറ്റി പ്രണയിക്കുകയാണ് പത്മശ്രീ ജേതാവുമായ പ്രേംനസീര്‍.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആറ്റിങ്ങലിലെ വസതി 'ലൈലാ കോടേജ്' വില്‍പനയ്ക്ക് വച്ചിരിക്കുകയാണ്. സര്‍കാര്‍ ഏറ്റെടുത്ത് സ്മാരകം ആക്കിയില്ലെങ്കില്‍ മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭയുടെ വീട് വിസ്മൃതിയിലാകും.
ചിറയിന്‍കീഴ് പുളിമൂട് ജങ്ഷന് സമീപം കോരാണി റോഡിന് ഇടതു വശമാണ് വീട്. 60 വര്‍ഷത്തോളം പഴക്കമുണ്ടെങ്കിലും കോണ്‍ക്രീറ്റിനോ ചുമരുകള്‍ക്കോ കേടുപാടില്ല. എന്നാല്‍, ജനലുകളും വാതിലുകളും ചിതലരിച്ച് തുടങ്ങി.
ഈ വീട് മാത്രമാണ് ചിറയിന്‍കീഴിലെ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപം. വീട് കാണാന്‍ ഇപ്പോഴും നിരവധി പേരാണ് എത്തുന്നത്. മഹാപ്രതിഭയുടെ സ്മാരകമായിരിക്കുമെന്ന പ്രതീക്ഷയിലെത്തുന്ന സിനിമ പ്രേമികള്‍ കാണുന്നത് വീട് കാട് പിടിച്ച് നശിക്കുന്നതാണ്.
പ്രേംനസീറിന്റെ മൂന്നു മക്കളില്‍ ഇളയ മകളായ റീത്തക്കാണ് വീട് ലഭിച്ചത്. അടുത്ത കാലത്ത് റീത്ത തന്റെ മകള്‍ക്ക് നല്‍കി. മകള്‍ ഇപ്പോള്‍ കുടുംബസമേതം അമേരികയില്‍ സ്ഥിര താമസമാണ്. വീട് നിലനിര്‍ത്താന്‍ താല്‍പര്യമില്ലാത്തതിനാല്‍ വില്‍പനയ്ക്ക് വച്ചിരിക്കുകയാണ്. സര്‍കാര്‍ വിലയ്ക്കുവാങ്ങി സ്മാരകം ആക്കണമെന്നാണ് നാട്ടുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ആവശ്യം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.