ദമ്പതികളും 3 കുട്ടികളും അടക്കം ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചനിലയില്‍; മൃതദേഹം കാണപ്പെട്ടത് കഴുത്തില്‍ മൂര്‍ചയുള്ള ആയുധം കൊണ്ട് കുത്തി പരിക്കേല്‍പിച്ച നിലയില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 17.04.2022) ദമ്പതികളും മൂന്നു കുട്ടികളും അടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച പ്രയാഗ്രാജിലെ നവാബ്ഗഞ്ച് പ്രദേശത്തെ വസതിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. 41 കാരനായ രാഹുല്‍ തിവാരിയുടെ മൃതദേഹം തൂങ്ങിമരിച്ച നിലയിലും ഭാര്യ പ്രീതിയെയും മൂന്നു മക്കളെയും കഴുത്തില്‍ മൂര്‍ചയുള്ള ആയുധം ഉപയോഗിച്ച് കുത്തി പരിക്കേല്‍പിച്ച നിലയിലുമാണ് കണ്ടെത്തിയത്.

സമീപത്തുനിന്നും തിവാരി എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അതില്‍, ഒരു ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ഭാര്യയുടെ കുടുംബാംഗങ്ങളെ അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

തന്നെ ക്രൂരമായ കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതിന് ഭാര്യയുടെ ബന്ധുക്കളെ തിവാരി കത്തില്‍ കുറ്റപ്പെടുത്തുന്നുമുണ്ട്. കുറിപ്പ് തിവാരി തന്നെ എഴുതിയതാണോ എന്നറിയാന്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലബോറടറിയിലേക്ക് അയയ്ക്കുമെന്ന് പ്രയാഗ്രാജ് സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് കുമാര്‍ പറഞ്ഞു.

വിവരമറിഞ്ഞ് ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. റിപോര്‍ട് ലഭിച്ചശേഷം മാത്രമേ കൊലപാതകമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി രാഹുലിന്റെ ഭാര്യ പ്രീതിയുടെ സഹോദരങ്ങളായ പിന്റു, ചന്ദ്രശേഖര്‍ എന്നിവര്‍ ഉള്‍പെടെ നാല് പേര്‍ക്കെതിരെ പ്രാഥമിക വിവര പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്തതായി എസ്എസ്പി പറഞ്ഞു.

'തിവാരിയുടെ മൃതദേഹം സീലിംഗില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവുകളൊന്നും കണ്ടിരുന്നില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മൂന്ന് കസേരകള്‍ അടുക്കിവെച്ചിരുന്നു. ഇത് ആത്മഹത്യ ചെയ്തതാണെന്ന് സൂചിപ്പിക്കുന്നു. 

രാഹുലിന്റെ ഭാര്യയുടെയും മൂന്ന് പെണ്‍മക്കളുടെയും ശരീരത്തില്‍ മൂര്‍ചയേറിയ ആയുധം കൊണ്ട് മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ഇത് കൊലപാതകത്തെയാണ് സൂചിപ്പിക്കുന്നത്. രണ്ട് വശങ്ങളെ കുറിച്ചും അന്വേഷിക്കുമെന്ന് എസ്എസ്പി കൂട്ടിച്ചേര്‍ത്തു.

തിവാരിയുടെ മൂത്ത സഹോദരന്‍ മുന്നയാണ് കൊലപാതകം സംബന്ധിച്ച് പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൗശാമ്പി സ്വദേശിയായ തിവാരി കൂലിപ്പണികള്‍ ചെയ്താണ് ജീവിച്ചിരുന്നത്. ശനിയാഴ്ച രാവിലെ കുടുംബ സുഹൃത്ത് ദാദു സരോജ് തിവാരിയുടെ വീട്ടിലെത്തിയപ്പോഴാണ് കുടുംബാംഗങ്ങളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

കൊലപാതകത്തില്‍ സമാജ്വാദി പാര്‍ടി (SP) അധ്യക്ഷന്‍ അഖിലേഷ് യാദവ് ബിജെപി നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍കാരിനെ കടന്നാക്രമിച്ചു. സംസ്ഥാനം കുറ്റകൃത്യങ്ങളില്‍ മുങ്ങിപ്പോയി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് തിവാരി മറ്റുള്ളവരെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന സൂചനയെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരുമെന്നാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പ്രതികരണം.

ദമ്പതികളും 3 കുട്ടികളും അടക്കം ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചനിലയില്‍; മൃതദേഹം കാണപ്പെട്ടത് കഴുത്തില്‍ മൂര്‍ചയുള്ള ആയുധം കൊണ്ട് കുത്തി പരിക്കേല്‍പിച്ച നിലയില്‍


Keywords: 5 of family found dead at Prayagraj home, New Delhi, News, Murder, Dead Body, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia