കാസര്‍കോട്: (www.kvartha.com) കന്നുകാലികളുടെ കുടല്‍ ഉണക്കി ഉപ്പിലിട്ട് കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് 15.6 ലക്ഷത്തിന്റെ ചരക്കുമായി കടന്നുകളഞ്ഞെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മോഷണ മുതല്‍ വാങ്ങിയ വരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് തമിഴ്നാട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്. അസം സ്വദേശികളായ സെഈദുല്‍ (26), റൂബിയല്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 980 കഷ്ണം കന്നുകാലി കുടലുകളും 50,000 രൂപയും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
ഉണക്കി ഉപ്പിലിട്ട കന്നുകാലികളുടെ കുടലുകള്‍ക്കൊപ്പംം ചൗക്കി മജലിലെ സ്ഥാപനത്തിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് സ്‌കൂടറുകളും സംഘം മോഷ്ടിച്ചിരുന്നുവെന്ന് ഉടമകള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സ്‌കൂടറുകള്‍ പിന്നീട് പൊലീസ് കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കേസില്‍ അറസ്റ്റിലായവര്‍ ഉള്‍പെടെ മൊത്തം ഒന്‍പത് പ്രതികളാണുള്ളത്.
സ്ഥാപനത്തിലെ ജോലിക്കാരും അസം സ്വദേശികളുമായ ആറ് പേരാണ് മോഷണ സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരാണ്. ഇവരെ സഹായിച്ച സ്ഥാപനത്തിലെ മുന്‍ജോലിക്കാരന്‍ ഉള്‍പെടെ ഏഴു അസം സ്വദേശികള്‍ക്കെതിരെയാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. വിശദമായ അന്വേഷണത്തിലാണ് മോഷണ മുതല്‍ വാങ്ങിയ രണ്ടു പേരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഇതോടെ ഇവരെയും കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു.
തമിഴ്നാട്ടിലെ ദിണ്ടുഗലിലെ വാണിയമ്പാടിയില്‍ നിന്നാണ് രണ്ടു പേരെയും പൊലീസ് പിടികൂടിയത്. മോഷണസംഘത്തിന്റെ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ പൊലീസ് വലയിലാക്കിയത്. കന്നുകാലിക്കുടല്‍ കയറ്റുമതി ചെയ്യുന്ന സ്ഥാപനം നടത്തുകയായിരുന്ന ഇവരുടെ സംഭരണശാലയില്‍ നിന്നാണ് തൊണ്ടിമുതല്‍ പൊലീസ് പിടിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കുന്ന എസ് ഐ മധു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എ വി രാഗേഷ്, കെ ഷാജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
Keywords: Two arrested for stealing Rs 15.6 lakh worth of goods from a company that exports dried and salted beef intestines, Kasaragod, News, Business Man, Arrested, Police, Trending, Kerala.