കൊച്ചി: (www.kvartha.com 03.03.2022) കൊച്ചിയില്‍ പ്രവര്‍ത്തിച്ച് വരുന്ന ടാറ്റൂ സ്റ്റുഡിയോയിലെ ടാറ്റൂ ആര്‍ടിസ്റ്റ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി യുവതി. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് അയാള്‍ തന്നെ പീഡിപ്പിച്ചതെന്ന് റെഡിറ്റ് എന്ന സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിലൂടെ യുവതി പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്.
പെണ്‍കുട്ടിയുടെ സമൂഹ മാധ്യമത്തിലെ കുറിപ്പ് ഇങ്ങനെ:
ആദ്യമായി ടാറ്റൂ ചെയ്തതുകൊണ്ടുതന്നെ ഇത് ഏത് തരത്തിലാകുമെന്ന് അറിയില്ലായിരുന്നു. ഇടുപ്പിനോട് ചേര്‍ന്നാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയില്‍ വച്ചാണ് ടാറ്റൂ ചെയ്തത്. ടാറ്റൂ ചെയ്യുന്നതിനിടെ ആര്‍ടിസ്റ്റ് ലൈംഗിക ചുവയോടെ സംസാരിക്കാന്‍ ആരംഭിച്ചു. കൂടെ വന്നയാള്‍ ബോയ് ഫ്രന്‍ഡ് ആണോ, 18 തികഞ്ഞതാണോ, വിര്‍ജിന്‍ ആണോ, മുമ്പ് എത്ര തവണ ലൈംഗിക ബന്ധത്തിലേര്‍പെട്ടിട്ടുണ്ട് എന്നിങ്ങനെയായി ചോദ്യങ്ങള്‍. പിരീഡ്‌സ് ആണോ എന്നതടക്കം ഇയാള്‍ ചോദിച്ചു. പിന്നാലെ തന്റെ വസ്ത്രം അഴിക്കുകയും ബലപ്രയോഗത്തിലൂടെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
ലൈംഗികാതിക്രമം നടത്തുമ്പോഴെല്ലാം ടാറ്റൂ ചെയ്യുന്ന സൂചിമുന തന്റെ നട്ടല്ലിനോട് ചേര്‍ത്താണ് പിടിച്ചിരുന്നത്. അതുകൊണ്ടുതന്നെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. അമ്മ ഫോണില്‍ വിളിച്ചപ്പോള്‍ മാത്രമാണ് ഇയാള്‍ തന്നെ വിട്ടതെന്നും യുവതി പോസ്റ്റില്‍ പറയുന്നു. കാര്യങ്ങളെല്ലാം രക്ഷിതാക്കളോട് പറഞ്ഞെന്നും അവര്‍ ഒരു അഭിഭാഷകയെ സമീപിച്ചപ്പോള്‍ സാക്ഷിയില്ലാത്തതിനാല്‍ നീതി ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് പറഞ്ഞതെന്നും യുവതി പോസ്റ്റില്‍ വിവരിക്കുന്നു.
ഇതിന് പിന്നാലെ ഈ പോസ്റ്റ് പുറത്തുവന്നതോടെ സമാനമായ ആരോപണവുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. റെഡിറ്റില്‍ പെണ്‍കുട്ടിയെ പിന്തുണച്ചെത്തിയവരും നിരവധിയാണ്. നിരവധി പേര്‍ സമാന അനുഭവങ്ങള്‍ പങ്കുവച്ചു.
'രണ്ടുവര്‍ഷം മുന്‍പ് 20-ാമത്തെ വയസിലാണ് ടാറ്റൂ ചെയ്യാന്‍ അവിടെ പോയത്. നട്ടെല്ലിന് സമീപമായിരുന്നു ടാറ്റൂ. ആദ്യത്തെ ടാറ്റൂ ആയതിനാല്‍ അല്‍പം ആശങ്ക ഉണ്ടായിരുന്നു. തുടക്കത്തില്‍ അവിടം സുരക്ഷിതമാണെന്നാണ് തോന്നിയത്. ടാറ്റൂ ചെയ്ത് തുടങ്ങിയതോടെ അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. ബ്രാ അഴിക്കാന്‍ ആവശ്യപ്പെട്ടു. ശരീരം മറയ്ക്കാന്‍ ഒരു തുണിപോലും നല്‍കിയില്ല. ഇതെല്ലാം ശരിയാണോ എന്ന് എനിക്ക് അറിയില്ലായിരുന്നു. വൈകാതെ അയാള്‍ എന്റെ മാറിടത്തില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഇതേകുറിച്ച് എഴുതുമ്പോള്‍ പ്രസ്തുത വ്യക്തിയില്‍ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയായതായി മനസ്സിലായി.' മറ്റൊരു യുവതി തനിക്കുണ്ടായ ദുരനുഭവവും വ്യക്തമാക്കുന്നു. സമാന അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ വ്യക്തമാക്കുന്നത്.