കോതമംഗലം: (www.kvartha.com 07.03.2022) പട്ടാപ്പകല്‍ ഭാര്യാവീട്ടിലെ സിറ്റൗടില്‍ സ്വയം തീകൊളുത്തി യുവാവ് ജീവനൊടുക്കിയതായി പൊലീസ്. നെല്ലിമറ്റത്താണ് പരിസരവാസികളെ നടുക്കിയ സംഭവം. ഇടുക്കി കൊന്നത്തടി മുക്കുടം ഇഞ്ചപ്പതാല്‍ വലിയവാഴയില്‍ വിശ്വംഭരന്റെ മകന്‍ ബിനുവാണ് (35) മരിച്ചത്.
സംഭവത്തെ കുറിച്ച് ഊന്നുകല്‍ പൊലീസ് പറയുന്നത് ഇങ്ങനെ: ദമ്പതികളുടേത് പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമാകുന്നു. കുറച്ചുനാളായി അകന്ന് കഴിയുകയാണ്. ഇവര്‍ക്ക് എട്ട് വയസുള്ള മകനുണ്ട്.
നെല്ലിമറ്റം കോളനിപ്പടി കണ്ണാടിക്കോട് പിതാവിനൊപ്പം വാടകവീട്ടിലാണ് ശരണ്യയും മകനും താമസിക്കുന്നത്. മകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പലപ്പോഴും ദമ്പതികള്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. വിദേശത്ത് ജോലിനോക്കുന്ന ശരണ്യ നാട്ടിലെത്തിയെന്ന് മനസിലാക്കിയ ബിനു ഇവരെ കാണാന്‍ പല പ്രാവശ്യം ശ്രമിച്ചിരുന്നു. എന്നാല്‍ സാധിച്ചിരുന്നില്ല.
ഞായറാഴ്ച നെല്ലിമറ്റത്ത് വാടകവീട്ടില്‍ ഉച്ചയോടെ എത്തിയ ബിനു ആരെയും കാണാതെ വന്നതോടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.