ഇസ്ലാമാബാദ്: (www.kvartha.com 02.03.2022) പാകിസ്താനിലെ ലാഹോറില്‍ നര്‍ത്തകി വെടിയേറ്റ് മരിച്ചു. 19 വയസുകാരിയായ ആഇശ എന്ന യുവതിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഫൈസലാബാദ് നഗരത്തിലെ ജന്ദവാല ഫടക് ഏരിയയിലുള്ള തിയറ്ററിലേക്ക് പോകുകയായിരുന്ന ആഇശക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുന്നുവെന്നാണ് റിപോര്‍ട്.
വിവാഹ മോചിതയായ ആഇശ ഫൈസലാബാദില്‍ മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നുവെന്ന് റിപോര്‍ടുകള്‍ പറയുന്നു. മുന്‍ ഭര്‍ത്താവിനെയും കുടുംബാംഗങ്ങളേയും ചോദ്യം ചെയ്യുന്നതിലൂടെ കൊലയാളികളെ കുറിച്ച് സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു. സംഭവം ദുരഭിമാന കൊലയാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ ആരെയും സംശയമില്ലെന്നാണ് ആഇശയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ഒരു മാസത്തിനിടെ ഇത്തരത്തില്‍ ഇത് രണ്ടാമത്തെ സംഭവമാണ്. കഴിഞ്ഞ മാസം റാവല്‍പിണ്ടി നഗരത്തില്‍ ഒരു പുരുഷ ഡാന്‍സര്‍ കൊല്ലപ്പെട്ടിരുന്നു. നൃത്തം നടന്നുകൊണ്ടിരിക്കെ മദ്യപിച്ച ഒരാള്‍ മെഹക് നൂര്‍ എന്ന നര്‍ത്തകിക്കുനേരെ നിറയൊഴിക്കുകയും എന്നാല്‍ അത് കൂടെയുണ്ടായിരുന്ന പുരുഷ ഡാന്‍സര്‍ക്ക് ഏല്‍ക്കുകയുമാരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. നൂര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും സഹനര്‍ത്തകനായിരുന്ന നവീദ് സംഭവ സ്ഥലത്തുവച്ച് മരിച്ചു.