ന്യൂഡെല്‍ഹി: (www.kvartha.com 07.03.2022) വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെ കാമുകന്‍ കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. പ്രതിയായ രംബീര്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതായും കൊലപാതക കുറ്റത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ചയാണ് സംഭവം. രാത്രി 11 മണിയോടെ, ഔടര്‍ ഡെല്‍ഹിയിലെ ബവാനയിലെ ഒഴിഞ്ഞ മൈതാനത്ത് ഒരു സ്ത്രീയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയതായി ഒരാള്‍ ഫോണ്‍വിളിച്ച് അറിയിച്ചു. അവിടെയെത്തി പരിശോധിച്ചപ്പോള്‍ യുവതിയുടെ ശരീരത്തില്‍ മൂന്നാല് കുത്തേറ്റ പരിക്കുകള്‍ ഉണ്ടായിരുന്നു. ഉടന്‍തന്നെ അവളെ വാല്‍മീകി ആശുപത്രിയില്‍ എത്തിച്ചു, എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. സംഭസ്ഥലത്തുനിന്നും അക്രമത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു.
'ഞങ്ങള്‍ പ്രദേശം വളയാനും പരിശോധനള്‍ നടത്താനും ടീമുകളെ അയച്ചു. പ്രതികളില്‍ ഒരാള്‍ ഒളിവിലായിരുന്നു. സാങ്കേതിക നിരീക്ഷണം ഉപയോഗിച്ച് അവനെ കണ്ടെത്തി ശനിയാഴ്ച അറസ്റ്റ് ചെയ്തു'-അഡീഷനല്‍ ഡിസിപി സചിന്‍ കുമാര്‍ സിംഗാള് പറഞ്ഞു.
രംബീര്‍ ടെംപോ ഡ്രൈവറാണ്. താനും യുവതിയും പ്രണയത്തിലായിരുന്നെന്നും വിവാഹാഭ്യര്‍ഥന നിരസിച്ചതോടെ തമ്മില്‍ വഴക്കുണ്ടായെന്നും പിടിയിലായ പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു.
'കുപിതനായ രംബീര്‍ ബുധനാഴ്ച രാത്രി അവളെ സംസാരിക്കാനായി വിളിച്ചുവരുത്തിയ ശേഷം കുത്തുകയായിരുന്നു. അതിന് ശേഷം സ്ഥലം കാലിയാക്കി'-ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യുവതിയുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. രണ്ട് സഹോദരങ്ങളുമുണ്ട്.