ന്യൂഡെല്‍ഹി: (www.kvartha.com 03.03.2022) യുക്രൈനില്‍ നിന്നും ഇന്‍ഡ്യയിലെത്തിയതിന് പിന്നാലെ കേന്ദ്രസര്‍കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാര്‍ഥി. ഇവിടെ എത്തിയതിന് ശേഷം പൂവ് തന്നിട്ട് കാര്യമില്ലെന്ന് ബിഹാര്‍ സ്വദേശിയായ ദിവ്യാന്‍ഷു സിങ്ങ് വിമര്‍ശിക്കുന്നു.
ഇപ്പോള്‍ ഞങ്ങള്‍ ഇന്‍ഡ്യയിലെത്തി. ഇനി റോസാപൂവ് തന്നിട്ട് എന്ത് കാര്യം. ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍ രക്ഷിതാക്കള്‍ ഇതുകൊണ്ട് എന്ത് ചെയ്യുമായിരുന്നുവെന്നും ഇന്‍ഡ്യയിലെത്തിയതിന് ശേഷം തങ്ങള്‍ക്ക് റോസാപൂവ് നല്‍കിയത് കൊണ്ട് കാര്യമില്ലെന്നും ദിവ്യാന്‍ഷു പറഞ്ഞു.
ഹംഗറി അതിര്‍ത്തി കടന്നതിന് ശേഷമാണ് ഞങ്ങള്‍ക്ക് സഹായം ലഭിച്ചത്. അതിന് മുമ്പ് ഇന്‍ഡ്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് ഒരു സഹായവും ലഭിച്ചിരുന്നില്ലെന്ന് വിദ്യാര്‍ഥി പറഞ്ഞു. ഞങ്ങള്‍ സ്വന്തമായി പരിശ്രമിച്ചാണ് അതിര്‍ത്തിയിലെത്തിയത്.
10 പേരുടെ സംഘമായി ചേര്‍ന്നായിരുന്നു അതിര്‍ത്തിയിലേക്കുള്ള യാത്ര. അവിടത്തെ പ്രദേശവാസികളാണ് സഹായിച്ചത്. ഒരാളും മോശമായി പെരുമാറിയില്ല. എന്നാല്‍ ചില വിദ്യാര്‍ഥികള്‍ക്ക് പോളന്‍ഡ് അതിര്‍ത്തിയില്‍ മോശം അനുഭവമുണ്ടായി. അതിന് ഉത്തരവാദി കേന്ദ്രസര്‍കാറാണ്. സര്‍കാര്‍ കൃത്യസമയത്ത് ഇടപ്പെട്ടിരുന്നുവെങ്കില്‍ ഇത്തരമൊരു സാഹചര്യമുണ്ടാവില്ലായിരുന്നുവെന്നും വിദ്യാര്‍ഥി പറഞ്ഞതായി എന്‍ഡി ടിവി റിപോര്‍ട് ചെയ്തു.
അതേസമയം, യുക്രൈന്‍ ഒഴിപ്പിക്കലില്‍ കേന്ദ്രസര്‍കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതിയും രംഗത്തെത്തി. ദയവായി നല്ല ഉദ്യോഗസ്ഥരെ ദൗത്യത്തിനായി നിയോഗിക്കണമെന്ന് പറഞ്ഞ കോടതി, കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കണമെന്നും അടിയന്തരമായി നാട്ടിലെത്തിക്കണമെന്നും അറ്റോര്‍ണി ജനറലിനോട് (എജി) നിര്‍ദേശിച്ചു.