കൊച്ചി: (www.kvartha.com 02.03.2022) തൃക്കാക്കരയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ രണ്ടരവയസുകാരിയുടെ ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണെങ്കിലും കുഞ്ഞിന് എങ്ങനെ ഈ രീതിയില്‍ ഗുരുതരമായി പരിക്കേറ്റുവെന്ന കാര്യത്തില്‍ ഇന്നും ദുരൂഹത തുടരുകയാണ്. തലച്ചോറിനേറ്റ ക്ഷതം കാരണം സംസാരശേഷി ഇനിയും തിരിച്ച് കിട്ടിയില്ല. ഇതിനിടെയാണ് കുഞ്ഞിന് സംഭവിച്ചത് ഇതാകാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ കാരണം പ്രസക്തമാകുന്നത്.
കുട്ടിയുടെ ഗുരുതര പരിക്കിന് മെഡികല്‍ സംഘം പറഞ്ഞ കാരണമാണ് 'ബാറ്റേര്‍ഡ് ഓര്‍ ഷേകന്‍ ബേബി സിന്‍ഡ്രം'( BATTERED OR SHAKEN BABY SYNDROME). കുഞ്ഞ് സ്വയം വരുത്തിയ പരിക്കെന്ന വാദം പൂര്‍ണമായും തള്ളിയാണ് ഡോക്ടര്‍മാര്‍ ഇങ്ങനെ ഒരു സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
പല വിധ സമ്മര്‍ദത്തിന് അടിമയാണ് രക്ഷിതാവെങ്കില്‍ കുഞ്ഞിന്റെ കൊഞ്ചലുകളോ, കുസൃതിയോ, പിടിവാശികളോ വരെ അവരെ പെട്ടെന്ന് ക്ഷുഭിതരാക്കും. അങ്ങനെ കൈവിട്ട അവസ്ഥയില്‍ കുട്ടിയെ ബലമായി പിടിച്ച് കുലുക്കിയാല്‍ പിഞ്ചുശരീരത്തില്‍ അതുണ്ടാക്കുന്ന ആഘാതമാണ് ബാറ്റേര്‍ഡ് ഓര്‍ ഷേകന്‍ ബേബി സിന്‍ഡ്രം.
ഇത്തരത്തില്‍ കുറഞ്ഞത് അഞ്ച് സെകന്‍ഡ് നേരം കുലുക്കിയാലും കുട്ടിക്ക് പരിക്ക് പറ്റും. കുട്ടികളുടെ കഴുത്തിലെ പേശികള്‍ക്ക് വലിയ ബലമില്ല. കുട്ടിയെ കുലുക്കിയാല്‍ തലയോട്ടിക്കുള്ളില്‍ തലച്ചോര്‍ അങ്ങോട്ടുമിങ്ങോട്ടും ഇളകും. തുടര്‍ച്ചയായ സമ്മര്‍ദത്തില്‍ തലച്ചോറിന് ആവശ്യത്തിന് ഓക്‌സിജനും കിട്ടില്ല. അങ്ങനെ കുഞ്ഞിന്റെ തലച്ചോറിലെ കോശങ്ങള്‍ നശിക്കും. നട്ടെല്ലിനും രക്തസ്രാവമുണ്ടാകും.
ഈ പ്രശ്‌നത്തിലൂടെ കടന്ന് പോകുന്ന കുട്ടികളില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍ ഇതൊക്കെയാണ്. അസ്വസ്ഥമായ പെരുമാറ്റം, ചിലരില്‍ ഉണര്‍ന്നിരിക്കാന്‍ ബുദ്ധിമുട്ട്, ശ്വാസതടസം, ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല, നീല നിറത്തിലായ തൊലി, അപസ്മാര ലക്ഷണങ്ങള്‍ അങ്ങനെ. ആദ്യം ചെറിയ രീതിയിലുള്ള മര്‍ദനങ്ങള്‍, പക്ഷേ അതിന്റെ മുറിവ് ഉണങ്ങും മുന്‍പെ അടുത്തത് എത്തും. അങ്ങനെ അങ്ങനെ കുഞ്ഞിന്റെ ശരീരമാസകലം ഗുരുതരമായി പരിക്കേല്‍ക്കും.
വാരിയെല്ലിന് വരെ ഗുരുതര പരിക്കേല്‍ക്കും. കണ്ണിന്റെ ചുറ്റിലും രക്തസ്രാവമുണ്ടാകും. രണ്ട് വയസുവരെ ഉള്ള കുട്ടികളിലാണ് ഈ അവസ്ഥ കൂടുതലായും കണ്ട് വരുന്നത്. എങ്കിലും അഞ്ച് വയസുവരെ ഇതിനുള്ള സാധ്യത ഉണ്ട്. മിക്ക കേസുകളിലും പുറത്തേക്ക് പ്രകടമായ പരിക്കുകള്‍ കുറവായിരിക്കും. മാത്രമല്ല ഒരൊറ്റ ദിവസത്തെ മര്‍ദനമാകില്ല കുട്ടിയെ കടുത്ത രോഗാവസ്ഥയിലേക്ക് തള്ളിവിടുന്നതും.
തലച്ചോറിനേറ്റ പരിക്കിന്റെ ആഘാതം അനുസരിച്ച് പഠന വൈകല്യങ്ങള്‍ സ്വഭാവ വൈകല്യങ്ങള്‍ കേള്‍വിയിലും സംസാരത്തിലുമുള്ള പ്രശ്‌നങ്ങള്‍ തുടങ്ങി തിരിച്ച് വരവിന് സാധ്യമല്ലാത്ത രീതിയില്‍ പലതരത്തിലുള്ള ശാരീരിക മാനസിക വൈകല്യങ്ങള്‍ സംഭവിക്കാം. മരണത്തിന് വരെ കാരണമാകാം.
രണ്ടാനച്ഛനോ രണ്ടാനമ്മയോ ആകും മിക്കതിലും കുറ്റക്കാര്‍. സ്ത്രീകളേക്കാലും പുരുഷന്മാരാണ് കൂടുതലായും ഇങ്ങനെ ചെയ്യുന്നതെന്നും കണക്കുകള്‍ പറയുന്നു. മാനസികസമ്മര്‍ദം, ദേഷ്യം, ഭര്‍ത്താവില്‍ നിന്ന് ഗാര്‍ഹിക പീഡനം ഏല്‍ക്കുന്ന സ്ത്രീകള്‍, മദ്യപാനം, അസ്ഥിരമായ കുടുംബപശ്ചാത്തലം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, നിരാശ, ചെറുപ്പത്തിലെ സമാനമായ രീതിയില്‍ മാതാപിതാക്കളില്‍ നിന്ന് പീഡനം നേരിട്ടവര്‍, പങ്കാളി ഇല്ലാതെ മക്കളെ ഒറ്റയ്ക്ക് നോക്കുന്നവരെല്ലാം ഇത്തരത്തില്‍ മാനസിക സമ്മര്‍ദം അനുഭിവിക്കുന്നു. വിദേശരാജ്യങ്ങളില്‍ നിരവധി കേസുകളാണ് ഇങ്ങനെ റിപോര്‍ട് ചെയ്യുന്നതും. കുട്ടിയുടെ സംരക്ഷണ അവകാശമുള്ളവര്‍ തന്നെയാണ് പ്രതികളാകുന്നതെന്ന് ഇവര്‍ പറയുന്നു.
എങ്കിലും കുട്ടികളെ വേദനിപ്പിക്കാനും ശാരീരികമായി ഉപദ്രവിക്കാനും ഇതൊരു കാരണമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാതാപിതാക്കളായ ശേഷം കുട്ടികളെ നോക്കുന്നതില്‍ വലിയ സമ്മര്‍ദം നേരിടുന്നെങ്കില്‍ കൗണ്‍സിലിംഗിന് വിധേയമാകാനുള്ള വിവേകമുണ്ടാവുകയാണ് വേണ്ടത്.