ന്യൂഡെല്‍ഹി: (www.kvartha.com 02.03.2022) വിസ്മയ കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഏഴ് ദിവസത്തെ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കിരണ്‍ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി അംഗീകരിച്ച സുപ്രീം കോടതി കിരണിന് റെഗുലര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
കേസിന്റെ വിചാരണയില്‍ പ്രധാന സാക്ഷികളെയടക്കം വിസ്തരിച്ച സാഹചര്യത്തില്‍ ഇനി ജാമ്യം നല്‍കുന്നതില്‍ തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കും എന്ന വാദം തള്ളിയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കേസില്‍ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചാല്‍ മാത്രമേ കിരണിന് ജയിലില്‍ പോകേണ്ടതുള്ളൂ. ജാമ്യം നിഷേധിച്ച ഹൈകോടതി വിധിക്കെതിരെ കിരണ്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
നിലവില്‍ ഗാര്‍ഹിക - സ്ത്രീധന പീഡന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തെതുടര്‍ന്ന് ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്്ത കിരണിനെ പിന്നീട് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ഡി ഐ ജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് കേസിന്റെ അന്വേഷണം നടത്തിയത്.
2021 ജൂണ്‍ 21നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍നായരുടെയും സരിതയുടെയും മകള്‍ വിസ്മയയെ അമ്പലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ടത്. വീടിന്റെ മുകളിലത്തെ നിലയിലെ ശുചിമുറിയില്‍ തൂങ്ങിനിന്ന വിസ്മയയെ ഭര്‍തൃവീട്ടുകാര്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹത ഉയരുകയും പീഡനത്തിന്റെ നിരവധി തെളിവുകള്‍ പുറത്തുവരികയും ചെയ്തു. ഇതോടെ ഭര്‍ത്താവ് കിരണ്‍ ഒളിവില്‍ പോയെങ്കിലും രാത്രിയോടെ പൊലീസില്‍ കീഴടങ്ങയായിരുന്നു.