ഹൈദരാബാദ്: (www.kvartha.com 07.03.2022) പൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന രണ്ട് സ്ത്രീകള്‍ രണ്ട് മാസത്തിന് ശേഷം മരിച്ചതായി റിപോര്‍ട്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ മൊവ്വ വെമുലമട ഗ്രാമത്തിലാണ് അവിശ്വസനീയമായ സംഭവം. നാഗമണി, കമല എന്നീ സ്ത്രീകളാണ് മരിച്ചത്.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് രണ്ട് പേര്‍ക്കും പൂച്ചയുടെ കടിയേറ്റതെന്നാണ് വിവരം. സംഭവശേഷം ആശുപത്രിയിലെത്തി ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇരുവരും ടി ടി കുത്തിവയ്പ്പ് ഉള്‍പെടെയുള്ള പ്രാഥമിക മുന്‍കരുതലുകളും കൈക്കൊണ്ടിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.
എന്നാല്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കമലയുടെയും നാഗമണിയുടെയും ആരോഗ്യസ്ഥിതി തീരെ വഷളായതിനെ തുടര്‍ന്ന് ഇരുവരെയും ആശുപത്രികളില്‍ വീണ്ടും പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി അതീവഗുരുതരമായതിനെ തുടര്‍ന്ന് കമല മംഗളഗിരിയിലെ എന്‍ ആര്‍ ഐ ആശുപത്രിയിലും നാഗമണി വിജയവാഡയിലെ കോര്‍പറേറ്റ് ആശുപത്രിയിലുമാണ് മരിച്ചത്.
സ്ത്രീകളെ കടിച്ച പൂച്ചയ്ക്ക് പേവിഷബാധയുള്ള നായയുടെ കടിയേറ്റിരുന്നതായി പിന്നീട് സ്ഥിരീകരിച്ചു. ഇത് സ്ത്രീകളുടെ ശരീരത്തിലേക്ക് പടര്‍ന്നതാണെന്ന് ചികിത്സ നല്‍കിയ പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ വ്യക്തമാക്കി.
അതിനാല്‍ ഇത്തരത്തില്‍ വളര്‍ത്തുമൃഗം ആണെങ്കില്‍പോലും പൂച്ചയെക്കൂടാതെ എലി, പാമ്പ്, നായ, എന്നിവയുടെ കടിയേറ്റാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെ, ആരോഗ്യ പ്രവര്‍ത്തകന്‍ ശിവരാമകൃഷ്ണ റാവു നിര്‍ദേശിച്ചു.