കൊച്ചി: (www.kvartha.com 06.03.2022) ടാറ്റു സൂചിമുനയില്‍ നിര്‍ത്തി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന യുവതികളുടെ പരാതിയില്‍ ടാറ്റൂ കലാകാരന്‍ പി എസ് സുജീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. അഭിഭാഷകനെ കാണാന്‍ വരുന്നതിനിടെ പെരുമ്പാവൂരിന് സമീപം ശനിയാഴ്ച രാത്രിയാണ് സുജേഷിനെ പിടികൂടിയത്. ചേരാനല്ലൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ബലാത്സംഗമുള്‍പെടെ ആറ് കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നാലെണ്ണം പാലാരിവട്ടം സ്റ്റേഷനിലും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്റ്റേഷനിലും.
ഇടപ്പള്ളിയിലെ 'ഇന്‍ക്‌ഫെക്റ്റെഡ് ടാറ്റൂ സ്റ്റുഡിയോ'യിലെ കലാകാരനാണ് സുജീഷ്. ശനിയാഴ്ച വൈകിട്ട് പൊലീസ് ഇവിടെയെത്തി തെളിവ് ശേഖരിച്ചിരുന്നു.
തന്റെ സ്വകാര്യഭാഗത്ത് ടാറ്റൂ വരയ്ക്കുന്നതിനിടെ സൂജീഷ് ലൈംഗികാതിക്രമം നടത്തിയതായി ഒരു യുവതി സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തിയതിന് പിന്നാലെ നിരവധിപ്പേര്‍ ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.
സമൂഹമാധ്യമത്തിലൂടെ ആദ്യ വെളിപ്പെടുത്തല്‍ നടത്തിയ യുവതി മാതാപിതാക്കളോടൊപ്പമെത്തി പൊലീസിനോട് വിശദാംശങ്ങള്‍ പങ്കുവച്ചെങ്കിലും പരാതി നല്‍കിയിരുന്നില്ല. പിന്നീടാണ് ആറ് പരാതികള്‍ ലഭിച്ചത്. നോര്‍ത് വനിതാ സ്റ്റേഷനില്‍ യുവതികളുടെ മൊഴിയെടുത്ത ശേഷമാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തിലെ മറ്റ് ടാറ്റൂ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. കേസില്‍ ഇടപെട്ട വനിതാകമീഷന്‍ യുവതികള്‍ക്ക് നിമയസഹായം നല്‍കുമെന്ന് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.