കൊച്ചി: (www.kvartha.com 07.03.2022) ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'സലൂടി'ന്റെ റിലീസ് ഒടിടിയില്‍ തന്നെയായിരിക്കുമെന്ന് താരം തന്റെ സമൂഹ മാധ്യമ അകൗണ്ടുകളിലൂടെ അറിയിച്ചു. ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയ സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. എന്നാല്‍ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ജനുവരി 14ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. ആദ്യമായാണ് ദുല്‍ഖര്‍ ഒരു മുഴുനീള പൊലീസ് ഓഫീസര്‍ വേഷം ചെയ്യുന്നത്.
ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഡയാന പെന്റിയുടെ ആദ്യ മലയാള ചിത്രമാണ് സലൂട്. മനോജ് കെ ജയന്‍, അലന്‍സിയര്‍, സാനിയ ഇയ്യപ്പന്‍, ബിനു പപ്പു, ഗണപതി, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, ബോബന്‍ ആലുമൂടന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സലൂട്. ബോബി സഞ്ജയുടെയാണ് തിരക്കഥ.