തിരുവനന്തപുരം: (www.kvartha.com 07.03.2022) സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനായേക്കും. പാര്‍ടി അധ്യക്ഷനായിരുന്ന സയ്യിദ് ഹൈദരലി തങ്ങള്‍ വിടവാങ്ങിയ സാഹചര്യത്തിലാണ് സ്വാദിഖ് അലി ശിഹാബ് തങ്ങളെ അധ്യക്ഷനാക്കാന്‍ ലീഗ് ഉന്നതകാര്യ സമിതി ഒരുങ്ങുന്നത്. തിങ്കളാഴ്ച വൈകീട്ടോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.
ലീഗിന്റെ സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഹൈദരലി തങ്ങള്‍ ഞായറാഴ്ചയാണ് അന്തരിച്ചത്. അസുഖം ബാധിച്ച അദ്ദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. മാസങ്ങളായി ചികില്‍സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി മോശമായിരുന്നു.
പാണക്കാട് കുടുംബത്തില്‍ നിന്നുള്ള ആളായിരിക്കണം പാര്‍ടി അധ്യക്ഷന്‍ എന്നതാണ് കീഴ്വഴക്കം. അതനുസരിച്ച് സ്വാദിഖ് അലി ലീഗിന്റെ അമരത്തേക്ക് വരാനാണ് സാധ്യത. യൂത് ലീഗിന്റെ നേതൃത്വത്തിലുള്‍പെടെ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനാണ് സ്വാദിഖ് അലി. സൗമ്യമായ പ്രകൃതവും ശക്തമായ നിലപാട് എടുക്കേണ്ടിടത്ത് അങ്ങനെ ചെയ്യുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രീതി. വാക്കിലോ, പ്രസ്താവനകളിലോ, പ്രവര്‍ത്തികളിലോ ആരെയും വേദനിപ്പിക്കാനോ, വിവാദമുണ്ടാക്കാനോ ശ്രമിക്കാത്ത അപൂര്‍വം പൊതുപ്രവര്‍ത്തകരില്‍ ഒരാളുമാണ്.