ന്യൂഡെല്‍ഹി: (www.kvartha.com 07.03.2022) റഷ്യയുടെ യുക്രൈന്‍ അധിനിവേശം 12-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദി ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാരുമായി തിങ്കളാഴ്ച വൈകുന്നേരത്തോടെ സംസാരിക്കുമെന്ന് സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും പ്രധാനമന്ത്രി മുന്‍പ് രണ്ട് തവണ ആശയവിനിമയം നടത്തിയിരുന്നു. ഫെബ്രുവരി 24 ന് യുക്രൈനിലെ പ്രത്യേക സൈനിക നടപടിക്ക് പുടിന്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യുക്രൈനില്‍ നിന്ന് ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കാനുള്ള സര്‍കാരിന്റെ നിരന്തരമായ ശ്രമങ്ങള്‍ക്കിടയില്‍, പ്രധാനമന്ത്രി മോദി ഇരുരാജ്യത്തലവന്മാരുമായി സംസാരിക്കുന്നത് ഏറെ നിര്‍ണായകമാണ്.
ഫെബ്രുവരി 25 ന് പ്രധാനമന്ത്രി മോദി പുടിനുമായി സംസാരിക്കുകയും അക്രമം ഉടന്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുക്രൈനില്‍ നിന്ന് ഇന്‍ഡ്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കാനാണ് മാര്‍ച് രണ്ടിന് പ്രധാനമന്ത്രി മോദി പുടിനുമായി വീണ്ടും ചര്‍ച നടത്തിയത്.
ഫെബ്രുവരി 26 നാണ് പ്രധാനമന്ത്രി മോദി ആദ്യമായി സെലന്‍സ്‌കിയോട് സംസാരിച്ചത്. ഐക്യരാഷ്ട്രസഭയിലെ വോടെടുപ്പില്‍ ഇന്‍ഡ്യ വിട്ടുനിന്നതിന് ശേഷം സെലന്‍സ്‌കി പ്രധാനമന്ത്രി മോദിയോട് സംസാരിക്കുകയും ഇന്‍ഡ്യയുടെ രാഷ്ട്രീയ പിന്തുണ തേടുകയും ചെയ്തു.
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍കാര്‍ നടത്തുന്ന ഓപറേഷന്‍ ഗംഗയുടെ ഭാഗമായി, പൗരന്മാര്‍ക്ക് അതിര്‍ത്തി കടക്കുന്നതിന് സുരക്ഷിതമായ പാത ഒരുക്കാനായി ഇന്‍ഡ്യ യുക്രൈനെ സമീപിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ ചിലയിടങ്ങളിള്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയിട്ടുണ്ട്.
യുക്രൈന്‍ പൗരന്മാരുടെ സുരക്ഷയ്ക്കും അവിടേക്ക് മാനുഷിക സഹായം അയയ്ക്കുന്നതിലും ആശങ്കകള്‍ പ്രകടിപ്പിച്ചെങ്കിലും ഐക്യരാഷ്ട്രസഭയില്‍ റഷ്യയ്‌ക്കെതിരായ പ്രമേയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ യുദ്ധത്തില്‍ ഇന്‍ഡ്യയുടെ നിലപാട് നിര്‍ണായകമാണ്.
സെലെന്‍സ്‌കി ഇന്‍ഡ്യയുടെ രാഷ്ട്രീയ പിന്തുണ തേടുമ്പോള്‍, സമാധാന ശ്രമങ്ങള്‍ക്കായി മുന്നിട്ടിറങ്ങാമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു, അക്രമം ഉടന്‍ അവസാനിപ്പിക്കാനുള്ള തന്റെ ആഹ്വാനം ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
ഒഴിപ്പിക്കല്‍ പ്രവര്‍ത്തനത്തിന്റെ പുരോഗതിയും യുദ്ധത്തിന്റെ സാഹചര്യവും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ഉന്നതതല ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. ഒരാഴ്ചയ്ക്കിടെ, ഓപറേഷന്‍ ഗംഗയുടെ ഭാഗമായി 10,000 ത്തിലധികം ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളെ യുക്രൈനില്‍ നിന്ന് ഒഴിപ്പിച്ചു. ഖാര്‍കിവും സുമിയും ഒഴികെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള മിക്കവാറും എല്ലാ ഇന്‍ഡ്യക്കാരെയും ഒഴിപ്പിച്ചതായി കേന്ദ്രസര്‍കാര്‍ അറിയിച്ചു.