കൊച്ചി: (www.kvartha.com 04.03.2022) തന്റെ കയ്യില്‍നിന്ന് യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോണ്‍ ഉപയോഗിച്ച് അതിഥി തൊഴിലാളികള്‍ ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി മധ്യവയസ്‌കന്‍. കേസെടുത്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കിഴക്കമ്പലം സ്വദേശി മാത്യുവിന്റെ പരാതിയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി റോണി മിയ (20), അസം സ്വദേശി അബ്ദുള്‍ കലാം (24) എന്നിവരാണ് പിടിയിലായത്.
മാത്യുവിന്റെ ഫോണ്‍ ഈയാഴ്ച ആദ്യം നഷ്ടപ്പെട്ടിരുന്നു. ഇത് കിട്ടിയ അതിഥി തൊഴിലാളികള്‍ മാത്യുവിന്റെ ബാങ്ക് അകൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ചെന്നാണ് പരാതി. തിങ്കളാഴ്ച പള്ളിക്കര ഭാഗത്തുവച്ച് മാത്യുവിന്റെ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. അടുത്ത ദിവസം ബാങ്ക് അകൗണ്ടിലെ ബാലന്‍സ് പരിശോധിച്ചപ്പോഴാണ് ഒരു ലക്ഷം രൂപ അജ്ഞാത ബാങ്ക് അകൗണ്ടിലേക്ക് മാറ്റിയതായി മാത്യു അറിയുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. റോണി മിയയുടെ അകൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തി. റോണിയെ ചോദ്യം ചെയ്തപ്പോള്‍ നഷ്ടപ്പെട്ട ഫോണ്‍ കിട്ടിയ സുഹൃത്ത് അബ്ദുള്‍ കലാമിനെ കുറിച്ച് മനസിലായതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മീന്‍ മാര്‍കറ്റില്‍ ജോലി ചെയ്യുന്ന അബുള്‍ കലാം മാത്യുവിന്റെ മൊബൈല്‍ ഫോണിന്റെയും ബാങ്ക് അകൗണ്ടിന്റെയും പാസ് വേഡ് കണ്ടെത്തുകയും പിന്നീട് പണം കൈമാറുകയുമായിരുന്നു.
'മധ്യവയസ്‌കരായ മിക്കവര്‍ക്കും ലളിതമായ പാസ് വേഡ് ഉപയോഗിക്കുന്ന ശീലമുണ്ട്. ചിലപ്പോള്‍, അവര്‍ മൊബൈല്‍ ഫോണില്‍ തന്നെ പാസ് വേഡ് സേവ് ചെയ്തേക്കാം. ഇത് കുടിയേറ്റ തൊഴിലാളികളെ , മാത്യുവിന്റെ ബാങ്ക് അകൗണ്ടില്‍ നിന്ന് പണം മാറ്റാനും ഇടപാട് നടത്താനും സഹായിച്ചു,'- പൊലീസ് ഓഫീസര്‍ പറഞ്ഞു.
'ഈ പണം ഉപയോഗിച്ച് അബ്ദുള്‍ കലാം ഐഫോണും വസ്ത്രങ്ങളും വാങ്ങി. ബാക്കി തുക സുഹൃത്തിന്റെ അകൗണ്ടിലേക്ക് മാറ്റി. പണം കൈമാറിയ ശേഷം ഇവര്‍ ഫോണും വലിച്ചെറിഞ്ഞു. ഇരുവരും അവരുടെ വീട്ടിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കൃത്യ സമയത്ത് പിടികൂടാനായി,' - ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.