ഹര്‍ജി തള്ളി; മീഡിയാ വണ്‍ ചാനലിന്റെ സംപ്രക്ഷണവിലക്ക് തുടരും; കേന്ദ്രസര്‍കാര്‍ നടപടി ശരിവച്ച് ഹൈകോടതി
Mar 2, 2022, 11:51 IST
ADVERTISEMENT
കൊച്ചി:(www.kvartha.com 02.03.2022) മീഡിയാ വണ്‍ ചാനലിന്റെ ഹര്‍ജി ഹൈകോടതി തള്ളി. അപീല്‍ തള്ളിയതോടെ ചാനലിനുള്ള സംപ്രേക്ഷണ വിലക്ക് നിലവിലുള്ളതുപോലെ തുടരും. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

ഫയലുകള്‍ പരിശോധിച്ചെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുള്ള കാര്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടതായും കോടതി വ്യക്തമാക്കി. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ് കാസ്റ്റിങ് ലിമിറ്റഡും ചാനല്‍ ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂനിയനും നല്‍കിയ അപീല്‍ ഹരജികളിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്.
തങ്ങളുടെ വാദങ്ങള്‍ കണക്കിലെടുക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിതെന്നാണ് അപീലില്‍ ചാനല്‍ അധികാരികളുടെ വാദം. ഫെബ്രുവരി എട്ടിനാണ് സംപ്രേഷണ വിലക്കേര്‍പെടുത്തിയ സര്‍കാര്‍ നടപടി ശരിവച്ചു കൊണ്ട് മീഡിയാ വണിന്റെ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയത്.
ലൈസന്‍സ് പുതുക്കാത്തതിനെ തുടര്‍ന്ന് സംപ്രേഷണ വിലക്കേര്‍പെടുത്തിയ കേന്ദ്രസര്‍കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ചാനല്‍ ഉടമകളും ജീവനക്കാരും, പത്രപ്രവര്‍ത്തക യൂനിയനും അപീല്‍ നല്‍കിയത്. അപീലില്‍ ഫെബ്രുവരി 10 ന് വാദം പൂര്‍ത്തികരിച്ചിരുന്നു.
എന്നാല്‍ കൃത്യമായ രഹസ്യാന്വേഷണ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍കാര്‍ നടപടിയെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി കോടതിയെ അറിയിച്ചിരുന്നു. കൂടാതെ അപീലിന്മേലുള്ള മറുപടിയും മറ്റ് വിശദാംശങ്ങളും മുദ്രവച്ച കവറില്‍ കേന്ദ്ര സര്‍കാര്‍ കോടതിയ്ക്ക് കൈമാറിയിരുന്നു.
അതേസമയം, ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ വിധി നിര്‍ഭാഗ്യകരമാണെന്നും ഭരണഘടനാനുസൃതമായി നീതി അനുവദിച്ചുകിട്ടാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും മീഡിയവണ്‍ അഭിഭാഷകന്‍ അമീന്‍ ഹസന്‍, എഡിറ്റര്‍ പ്രമോദ് രാമന്‍ എന്നിവര്‍ അറിയിച്ചു. ചാനല്‍ വിലക്കിന് കാരണമായി പറയുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ ഹര്‍ജിക്കാരോട് വ്യക്തമാക്കേണ്ടതില്ലെന്ന ഹൈകോടതിയുടെ നിലപാട് ദു:ഖകരമാണ്. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തെ ദോഷകരമായി ബാധിക്കുന്ന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂലവിധി നേടിയെടുക്കാനാകുമെന്ന് അവര്‍ പ്രത്യശ പ്രകടിപ്പിച്ചു.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും കേന്ദ്ര സര്‍കാരിന് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയുമാണ് കോടതിയില്‍ ഹാജരായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.