കൊച്ചി: (www.kvartha.com 04.03.2022) ടാറ്റൂ ആര്‍ടിസ്റ്റ് പെണ്‍കുട്ടികളെ ടാറ്റൂ സൂചിമുനയില്‍ നിര്‍ത്തി ലൈംഗികമായി പീചിപ്പിച്ചെന്ന 'മീടൂ' ആരോപണങ്ങളില്‍ പരാതി ലഭിച്ചാലുടന്‍ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമിഷണര്‍ സി എച് നാഗരാജു അറിയിച്ചു. അതിജീവിതകളുമായി പൊലീസ് സംസാരിക്കുന്നുണ്ട്. ഫോണിലൂടെ പരാതി ലഭിച്ചാല്‍പ്പോലും കേസെടുക്കുമെന്നും കമിഷണര്‍ പറഞ്ഞു.
കൊച്ചിയില്‍ ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സെലിബ്രിറ്റി ടാറ്റൂ ആര്‍ടിസ്റ്റിനെതിരെയാണ് പീഡന ആരോപണമുണ്ടായത്. ടാറ്റൂ ചെയ്യാനെത്തിയപ്പോള്‍ ബലാത്സംഗം ചെയ്‌തെന്ന് പെണ്‍കുട്ടി സമൂഹമാധ്യമമായ റെഡിറ്റിലൂടെ ആരോപിക്കുകയായിരുന്നു.
ഒരാഴ്ച മുന്‍പ് നേരിട്ട പീഡനമാണ് പെണ്‍കുട്ടി റെഡിറ്റില്‍ കുറിച്ചത്. തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പും രണ്ട് വര്‍ഷം മുന്‍പും ഇതേ ടാറ്റൂ സെന്ററില്‍നിന്ന് ദുരനുഭവം നേരിട്ടവര്‍ പിന്നാലെയെത്തി. കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിവരെയുണ്ടെന്നാണ് വിവരം.
പെണ്‍കുട്ടി റെഡിറ്റിലൂടെ തനിക്ക് നേരിട്ട അക്രമം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇതേ ടാറ്റൂ ആര്‍ടിസ്റ്റിനെതിരെ നിരവധി പെണ്‍കുട്ടികള്‍ ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇതുവരെ ആരും പൊലീസിനെ സമീപിച്ചിട്ടില്ലെന്നാണ് വിവരം. പെണ്‍കുട്ടികളെല്ലാം ഒരുമിച്ച് ചേര്‍ന്ന് ഉടന്‍ പരാതി നല്‍കാന്‍ ആലോചിക്കുന്നുണ്ട്.
ടാറ്റൂ ചെയ്യാനായി പെണ്‍കുട്ടികളെ മുറിയിലേക്ക് ക്ഷണിച്ചശേഷം മുറി അകത്തുനിന്ന് അടയ്ക്കും. മറ്റാരെയും പ്രവേശിപ്പിക്കില്ല. വരച്ചുതുടങ്ങുമ്പോഴാണ് മോശമായി പെരുമാറുന്നതെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. നടന്നതെന്താണെന്ന് ഒരാള്‍ തുറന്നുപറഞ്ഞപ്പോഴാണ് ടാറ്റൂ കലാകാരന്റെ തനിസ്വഭാവം തിരിച്ചറിഞ്ഞെതെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ആരോപണങ്ങളുയര്‍ന്നതോടെ ടാറ്റൂ ആര്‍ടിസ്റ്റ് ഒളിവിലാണെന്ന് വിവരം.