കൊല്‍കത്ത: (www.kvartha.com 01.03.2022) സമൂഹമാധ്യമങ്ങളില്‍ വൈറലായ 'കച്ചാ ബദാം' എന്ന നാടോടി ഗാനത്തിലൂടെ ഗായകന്‍ ഭുബന്‍ ബദ്യാകറിന് വാഹനാപകടത്തില്‍ പരിക്കേറ്റു. നെഞ്ചിന് പരിക്കേറ്റ ഇദ്ദേഹമിപ്പോള്‍ അടുത്തുള്ള സൂപര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. പുതുതായി വാങ്ങിയ കാര്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.
പശ്ചിമ ബംഗാളിലെ ബിര്‍ഭൂമില്‍ നിന്നുള്ള നിലക്കടല വില്‍പനക്കാരനാണ് ഭുബന്‍ ബദ്യാകര്‍. ഇദ്ദേഹം രചന നിര്‍വഹിച്ച് പാടിയ 'കച്ച ബദാം' ഒറ്റരാത്രികൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ സെന്‍സേഷണലായത്. ഗ്രാമങ്ങളില്‍ സഞ്ചരിച്ച് ഉപജീവനം കണ്ടെത്തുന്നതിനിടെയാണ് നിലക്കടല വില്‍ക്കാനായി സ്വന്തമായൊരു ജിംഗിള്‍ അദ്ദേഹം തയാറാക്കുന്നത്.
നിലക്കടല വില്‍പനയ്ക്ക് ആളുകളെ ആകര്‍ഷിക്കാന്‍ പാടിയൊരു പാട്ട് ആരോ ഷൂട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പാടിയും ചുവടുവെച്ചും കച്ചാ ബദാം ഏവരും ഏറ്റെടുത്തതോടെ കച്ചാ ബദാം ഗാനവും ഭുബന്‍ ബദ്യാകറും വൈറലായി. സെലിബ്രിറ്റികള്‍ വരെ കച്ചാ ബദാമിന് ചുവടുവച്ചു.
കച്ചാ ബദാമിന്റെ വിവിധ റീമിക്‌സുകളും റീല്‍സ് പതിപ്പുകളും ഇതിനകം തന്നെ സമൂഹമാധ്യമങ്ങള്‍ കീഴടക്കികഴിഞ്ഞിട്ടുണ്ട്.