തിരുവനന്തപുരം: (www.kvartha.com 03.03.2022) മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍. തിന്‍പഹാര്‍ സ്വദേശിയായ ചന്ദന്‍ കുമാറിനെ(28)യാണ് മെഡികല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മൂകയായ പെണ്‍കുട്ടിയെയാണ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. അമ്മ കുളിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി പെണ്‍കുട്ടിയെ വീടിന്റെ പിന്‍വശത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. തുടര്‍ന്ന് അയാള്‍ അവളെ ബലാത്സംഗം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍, സംഭവം ശ്രദ്ധില്‍പെട്ട അയല്‍വാസിയായ ഒരു സ്ത്രീയുടെ ഉച്ചത്തില്‍ ബഹളമുണ്ടാക്കി.
ഇതേത്തുടര്‍ന്ന് അക്രമി ബലാത്സംഗശ്രമം ഉപേക്ഷിച്ച് സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനിടെ പ്രതി തന്റെ ബാഗ് പരിസരത്ത് ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. തുടര്‍ന്ന് ബാഗ് പരിശോധിച്ച് 15 മണിക്കൂറോളം സിസിടിവി പരിശോധിച്ച് ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
വിവിധ ലേബര്‍ ക്യാംപുകളില്‍ താമസിക്കുന്ന 1500 ഓളം കുടിയേറ്റ തൊഴിലാളികളുടെ താമസസ്ഥലം പരിശോധിച്ച് ഗൗരീശപട്ടത്തിനടുത്തുള്ള ക്യാംപില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.