റിയാദ്: (www.kvartha.com 04.03.2022) യുക്രേനിയന്‍ സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമായി എല്ലാ ശ്രമങ്ങളും നടത്താന്‍ മധ്യസ്ഥത്തിന് തയ്യാറെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് അദ്ദേഹം രാജ്യത്തിന്റെ പ്രഖ്യാപിത നിലപാട് വ്യക്തമാക്കിയത്.
പുടിനുമായി ഫോണില്‍ സംസാരിക്കവേ ഊര്‍ജ വിപണിയില്‍ യുക്രൈന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന ആഘാതം സംബന്ധിച്ച് സൂചിപ്പിച്ച കിരീടാവകാശി, എണ്ണ വിപണിയുടെ സന്തുലിതാവസ്ഥയും സ്ഥിരതയും നിലനിര്‍ത്താനാണ് രാജ്യം ശ്രമിക്കുന്നതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒപെക്‌സ് പ്ലസ് രാജ്യങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായും ഫോണില്‍ സംസാരിച്ച കിരീടാവകാശി, മധ്യസ്ഥത വഹിക്കാനുള്ള സഊദിയുടെ സന്നദ്ധത ആവര്‍ത്തിച്ചു. രാഷ്ട്രീയമായി പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിടുന്ന എല്ലാ അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കും രാജ്യത്തിന്റെ പൂര്‍ണ പിന്തുണ സ്ഥിരീകരിക്കുകയും ചെയ്തു.
സഊദി അറേബ്യയിലുള്ള യുക്രേനിയന്‍ പൗരമാരായ സന്ദര്‍ശകര്‍, വിനോദ സഞ്ചാരികള്‍, തൊഴിലാളികള്‍ എന്നിവരുടെ കാലാവധി അവസാനിക്കാന്‍ പോകുന്ന വിസകള്‍ മാനുഷിക പരിഗണന കണക്കിലെടുത്ത് മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുമെന്നും കിരീടാവകാശി പ്രസിഡന്റ് സെലന്‍സ്‌കിയെ അറിയിച്ചു. സഊദി ഭരണകൂടം രാജ്യത്തെ യുക്രേനിയന്‍ പൗരമാരുടെ സുഖസൗകര്യങ്ങളിലും സുരക്ഷയിലും ശ്രദ്ധാലുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങളെ സഊദി പിന്തുണക്കുമെന്നും കിരീടാവകാശി പറഞ്ഞതായി സഊദി പ്രസ് ഏജന്‍സി റിപോര്‍ട് ചെയ്തു.