റായ്പൂര്‍: (www.kvartha.com 04.03.2022) കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. മനഃപൂര്‍വമായി അപമാനിച്ചതിന് ഉള്‍പെടെയാണ് മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ ആക്ഷേപഹാസ്യകാരനുമായ നിലേഷ് ശര്‍മയ്‌ക്കെതിരെ എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തത്. കേസെടുത്ത് ഒരു ദിവസത്തിന് ശേഷം ശര്‍മയെ അറസ്റ്റ് ചെയ്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെയും മന്ത്രി ടി എസ് സിംഗ്ദിയോയുടെയും അനുയായിയാണെന്നും സ്വയം വിശേഷിപ്പിക്കുന്ന ഖിലവന്‍ നിഷാദ് ആണ് പരാതിക്കാരന്‍. ശര്‍മയും അദ്ദേഹത്തിന്റെ വാര്‍ത്താ പോര്‍ടലും ഭരണകക്ഷിയെ ദ്രോഹിക്കാന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് പരാതിയില്‍ ആരോപിച്ചു.
'ശര്‍മ തെളിവുകളില്ലാതെ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി പൊലീസ് സൂപ്രണ്ട് (റായ്പൂര്‍) പ്രശാന്ത് അഗര്‍വാള്‍ പറഞ്ഞു. കിംവദന്തികള്‍, വ്യാജവാര്‍ത്തകള്‍ എന്നിവ പ്രചരിപ്പിച്ചതിനും കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്'- അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ക്കെതിരെ 'തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ റിപോര്‍ട്' പ്രസിദ്ധീകരിക്കുകയും അവരില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തതിന് ഒക്ടോബറില്‍ മറ്റൊരു വെബ് പോര്‍ടലിലെ രണ്ട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
ഛത്തീസ്ഗഡ് സര്‍കാര്‍ മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനായി ഒരു നിര്‍ദിഷ്ട നിയമം തയ്യാറാക്കിയിട്ടുണ്ട്, കൂടാതെ മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കുന്നത് ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന, ജാമ്യം ലഭിക്കാവുന്ന കുറ്റമാക്കാന്‍ ശ്രമിക്കുന്നു.