പാലാ: (www.kvartha.com 05.03.2022) ലൈംഗികച്ചുവയോടെ സംസാരിക്കുകയും നഗ്‌നതാപ്രദര്‍ശനം നടത്തുകയും ചെയ്തത് ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവിനെയും ഗര്‍ഭിണിയെയും മര്‍ദിച്ചതായി പരാതി. യുവതിയുടെ വയറ്റില്‍ തൊഴിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. പാലാ സ്വദേശികളായ അഖില്‍, ജിന്‍സി എന്നിവരാണ് ആക്രമണത്തിന് ഇരയായത്.
സംഭവത്തില്‍ കേസെടുത്ത പൊലീസ് സമീപത്തെ വര്‍ക് ഷോപ് ഉടമകളും തൊഴിലാളികളുമായ നാലുപേരെ അറസ്റ്റ് ചെയ്തു. കെ എസ് ശങ്കര്‍ (39), ജോണ്‍സണ്‍ (38), ആനന്ദ് (23), സുരേഷ് (56) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പങ്കില്ലെന്ന ആനന്ദിന്റെ വാദത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പാലായ്ക്കുസമീപം ഞൊണ്ടിമാക്കല്‍ കവലയില്‍ വ്യാഴാഴ്ച വൈകിട്ട് 6.30നാണു സംഭവം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരായ ദമ്പതികള്‍ ഞൊണ്ടിമാക്കല്‍ കവലയിലെ യുവതിയുടെ വീട്ടില്‍ നിന്ന് ബൈക് എടുത്ത് സ്വന്തം വീട്ടിലേക്ക് പോകുകയാണ് പതിവ്.
ബസ് ഇറങ്ങി യുവതിയുടെ വീട്ടിലേക്കു പോകുമ്പോഴാണ് സമീപത്തെ വര്‍ക് ഷോപിലിരുന്ന പ്രതികള്‍ യുവതിയോട് അപമര്യാദമായി സംസാരിച്ചത്. തന്നെ ശല്യപ്പെടുത്തരുതെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ പ്രതികള്‍ അശ്ലീലം പറയുകയും നഗ്‌നതാപ്രദര്‍ശനം നടത്തുകയുമായിരുന്നുവെന്ന് ദമ്പതികള്‍ പരാതിയില്‍ പറയുന്നു.
യുവാവിനെ പ്രതികള്‍ കഴുത്തിന് അടിച്ചശേഷം ഓടയുടെ സമീപത്തേക്ക് തള്ളിയിട്ടു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ച യുവതിയുടെ വയറ്റില്‍ ശങ്കര്‍ തൊഴിച്ചു. തുടര്‍ന്ന് ചീത്ത വിളിക്കുകയും ഇരുവരെയും കാര്‍ ഇടിപ്പിക്കാന്‍ ശങ്കര്‍ ശ്രമിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.
പിറകിലോട്ട് വീണ യുവതിക്ക് രക്തസ്രാവം ഉണ്ടായി. യുവതിയെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കുഞ്ഞിന് അനക്കമൊന്നും കാണാതിരുന്നതിനെത്തുടര്‍ന്ന് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ച് സ്‌കാന്‍ ചെയ്തു. വിദഗ്ധ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തി. മൂന്നു ദിവസത്തെ പൂര്‍ണ വിശ്രമമാണ് യുവതിക്കു നിര്‍ദേശിച്ചിരിക്കുന്നത്. വിശ്രമത്തിനുശേഷം വീണ്ടും സ്‌കാന്‍ ചെയ്ത് കുഞ്ഞിന്റെ ആരോഗ്യം വിലയിരുത്തണം. അടികൊണ്ട് നിലത്ത് വീണതിന്റെ ആഘാതത്തില്‍ യുവാവിന്റെ കഴുത്ത് ഉളുക്കി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പാലാ എസ്എച്ഒ കെ പി തോംസണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.