കറാച്ചി: (www.kvartha.com 07.03.2022) അമേരിക പോലുള്ള വന്‍ ശക്തികള്‍ പാകിസ്താനോട് കാണിക്കുന്ന അകല്‍ചയില്‍ സഹികെട്ട് ഇമ്രാന്‍ ഖാന്‍. അതോടൊപ്പം ഇന്‍ഡ്യയോട് വല്ലാത്ത അടുപ്പവും കാണിക്കുന്നു. എന്തിനും ഏതിനും പാകിസ്ഥാന് അവസാന ആശ്രയം അമേരികയായിരുന്നു. പക്ഷേ, കഴിഞ്ഞ കുറച്ചുനാളായി അമേരിക പാകിസ്ഥാനെ ഏഴയലത്ത് അടുപ്പിക്കുന്നില്ലെന്നാണ് ഇമ്രാന്‍ ഖാന്റെ പരാതി. മാത്രമല്ല പാക് പ്രധാനമന്ത്രി ഫോണ്‍വിളിച്ചാല്‍പോലും സംസാരിക്കാന്‍ ബൈഡനോ മറ്റ് ഉന്നതരോ തയാറാകുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.
എന്നാല്‍ മറുവശത്ത് അമേരിക അടക്കമുള്ള വന്‍ ശക്തികള്‍ ഇന്‍ഡ്യയോട് ഏറെ അടുക്കുന്ന കാഴ്ചയാണ് കാണുന്നത്. മാത്രമല്ല, അവര്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ക്ക് വില കല്‍പിക്കുകയും അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഇടപെടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതൊക്കെ പാകിസ്താന് സഹിക്കാനാവുന്നതിനും അപ്പുറമാണ്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താലാണ് അമേരിക ഉള്‍പെടെയുള്ളവര്‍ പാകിസ്താനെ അകറ്റി നിറുത്തുന്നത്. ഒപ്പം ചൈനയോടുള്ള പാകിസ്താന്റെ അടുപ്പവും ഇതിന് പ്രധാന കാരണമായിട്ടുണ്ട്.
വന്‍ ശക്തികള്‍ തങ്ങളെ കൈവിട്ടെന്ന് മനസിലായതോടെ ചൈനയെ കൂടുതല്‍ പ്രീതിപ്പെടുത്തി ഒപ്പം കൂട്ടാനുള്ള കഠിന പരിശ്രമത്തിലാണ് ഇപ്പോള്‍ പാകിസ്താന്‍. ചൈനയോട് അടുക്കുന്നതിലൂടെ റഷ്യയോട് ചങ്ങാത്തം കൂടാമെന്നും അവര്‍ കരുതുന്നു. ചൈനയുടേയോ റഷ്യയുടെയോ കൂട്ടില്ലാതെ അധിക നാള്‍ ഇന്‍ഡ്യയ്ക്കുമുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ആവില്ലെന്നും ഇമ്രാന് നന്നായി അറിയാം.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദിസര്‍കാരിന്റെ അടുത്ത നീക്കം പാക് അധിനിവേശ കാശ്മീര്‍ (പി ഒ കെ) പിടിച്ചടക്കുകയാണെന്ന് ഇമ്രാനും കൂട്ടരും ഭയപ്പെടുന്നുമുണ്ട്. കഴിഞ്ഞദിവസം ഇസ്ലാമാബാദില്‍ നടന്ന ഒരു റാലിയില്‍ പാശ്ചാത്യ ശക്തികള്‍ക്കെതിരെ ആഞ്ഞടിച്ചാണ് ചൈനാ പ്രേമം ഇമ്രാന്‍ ഖാന്‍ പ്രകടിപ്പിച്ചത്.
റഷ്യന്‍ ആക്രമണത്തെ അപലപിച്ച് യുഎന്‍ ജെനറല്‍ അസംബ്ലിയിലെ പ്രമേയത്തെ പിന്തുണയ്ക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളുടേതുള്‍പെടെയുള്ള ഇരുപത്തിരണ്ട് രാജ്യങ്ങളിലെ തലവന്മാര്‍ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രമേയത്തില്‍ റഷ്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുള്ളതിനാല്‍ പാകിസ്താന്‍ വോടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.
ഇന്‍ഡ്യയും വോടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നുവെങ്കിലും ഇന്‍ഡ്യയോട് ഇത്തരത്തിലൊരു ആവശ്യം ഉന്നയിക്കാത്തതിലുള്ള അമര്‍ഷം പാകിസ്താനുണ്ട്. 'യൂറോപ്യന്‍ യൂനിയന്‍ അംബാസഡര്‍മാരോട് എനിക്ക് ചോദിക്കണം: നിങ്ങള്‍ ഇന്‍ഡ്യക്ക് ഇത്തരമൊരു കത്ത് എഴുതിയോ? എന്നാണ് റാലിയെ അഭിസംബോധന ചെയ്യവെ ഇമ്രാന്‍ ചോദിച്ചത്. പറയുന്നതുപോലെ ചെയ്യാന്‍ പാകിസ്താന്‍ നിങ്ങളുടെ അടിമയാണെന്ന് കരുതുന്നുണ്ടോ എന്നും ഇമ്രാന്‍ ചോദിച്ചു.
'ഞങ്ങള്‍ റഷ്യയുടെ സുഹൃത്തുക്കളാണ്, ഞങ്ങള്‍ അമേരികയുടെയും സുഹൃത്തുക്കളാണ്; ഞങ്ങള്‍ ചൈനയുമായും യൂറോപുമായും അടുപ്പത്തിലാണ്. ഞങ്ങള്‍ ഒരു കാംപിലും ഇല്ല'- ഖാന്‍ പറഞ്ഞു, അഫ്ഗാനിസ്ഥാനിലെ പാശ്ചാത്യ നാറ്റോ സഖ്യത്തെ പിന്തുണച്ച പാകിസ്താന്‍ നന്ദിക്ക് പകരം വിമര്‍ശനങ്ങള്‍ നേരിടുന്നു എന്ന വിഷമവും ഇമ്രാന്‍ പങ്കുവച്ചു. വോടെടുപ്പില്‍ നിന്ന് വിട്ടു നിന്നതിന് ഇന്‍ഡ്യയെ റഷ്യ കാര്യമായി അഭിനന്ദിച്ചിരുന്നു. എന്നാല്‍ അത്തരമൊരു അഭിനന്ദനം പാകിസ്താന് ലഭിച്ചുമില്ല. ഇതിലും ഇമ്രാന് കടുത്ത വിഷമമുണ്ട്.
Keywords: 'Are We Your Slaves?' Pak PM Slams Western Envoys' Joint Letter On Russia, Karachi, Pakistan, Imran Khan, Allegation, Criticism, Gun Battle, Russia, Narendra Modi, World.