ന്യൂഡെല്‍ഹി: (www.kvartha.com 03.03.2022) മെഡികല്‍ ബിരുദം നേടുന്ന ആയിരക്കണക്കിന് ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ യുക്രൈനില്‍ നിന്ന് മടങ്ങുമ്പോള്‍, വിവാദ പ്രസ്താവനയുമായി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. 'വിദേശത്ത് മെഡിസിന്‍ പഠിക്കുന്ന 90 ശതമാനം വിദ്യാര്‍ഥികളും ഇന്‍ഡ്യയില്‍ യോഗ്യതാ പരീക്ഷകള്‍ വിജയിക്കുന്നതില്‍ പരാജയപ്പെടുന്നെന്ന്' മന്ത്രി പറയുന്നത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയില്‍ കേള്‍ക്കാം.
പ്രസ്താവന വിവാദമായപ്പോള്‍ 'വിദ്യാര്‍ഥികള്‍ എന്തിനാണ് മെഡിസിന്‍ പഠിക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് ചര്‍ച ചെയ്യേണ്ട സമയമല്ലിതെന്ന്' മന്ത്രി പ്രതികരിച്ചു. വിദേശത്ത് മെഡികല്‍ ബിരുദം നേടുന്ന വിദ്യാര്‍ഥികള്‍ ഇന്‍ഡ്യയില്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്നതിന് ഫോറിന്‍ മെഡികല്‍ ഗ്രാജ്വേറ്റ്സ് എക്സാമിനേഷന്‍ (എഫ്എംജിഇ) വിജയിച്ചിരിക്കണം. പലരും ഇത് വിജയിക്കുന്നില്ലെന്നാണ് മന്ത്രിയുടെ ആരോപണം.
മകന് പിയുസിയില്‍ 97 ശതമാനം മാര്‍ക് ഉണ്ടായിരുന്നിട്ടും രാജ്യത്തെ സര്‍കാര്‍ മെഡികല്‍ കോളജില്‍ സീറ്റ് ലഭിച്ചില്ലെന്ന് യുക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥി നവീന്റെ പിതാവ് ശേഖര്‍ഗൗഡ പറഞ്ഞത് സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ ചര്‍ചയായിരുന്നു. ഇതിന് ശേഷമാണ് മന്ത്രി വിദേശത്ത് മെഡിസിന്‍ പഠിക്കുന്നവര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചത്.
വിദ്യാര്‍ഥികള്‍ വിദേശത്ത് പോകുന്നത് ഒഴിവാക്കുന്നതില്‍ രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്നും അവര്‍ ഇക്കാര്യം പരിഗണിക്കണമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച പ്രസ്താവിച്ചിരുന്നു.