കെയ് വ്: (www.kvartha.com 07.03.2022) സെന്‍ട്രല്‍ യുക്രൈനിലെ വിനിറ്റ് സിയ വിമാനത്താവളത്തില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. യുക്രേനിയന്‍ റെസ്‌ക്യൂ സര്‍വിസുകളെ ഉദ്ധരിച്ച് ഓ എഫ് പി ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്. ഞായറാഴ്ച രാവിലെ അഞ്ചു മണി വരെ (10.30 am IST) മൊത്തം 15 പേരെ അവശിഷ്ടങ്ങളില്‍ നിന്നും രക്ഷിച്ചതായും അതില്‍ ഒമ്പത് പേര്‍ മരിച്ചിരുന്നുവെന്നും റിപോര്‍ടില്‍ പറയുന്നു.
മരിച്ചവരില്‍ അഞ്ച് സിവിലിയന്‍മാരും നാല് സൈനികരും ഉള്‍പെടുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.
അതേസമയം വിനിറ്റ്സിയയിലെ വിമാനത്താവളത്തില്‍ എട്ട് റഷ്യന്‍ റോകറ്റുകള്‍ ബോംബിട്ടതായി യുക്രേനിയന്‍ പ്രസിഡന്റ് വോളോദിമര്‍ സെലെന്‍സ്‌കി ഞായറാഴ്ച ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സംഭവത്തിന് തൊട്ടുപിന്നാലെ യുക്രേനിയന്‍ പാര്‍ലമെന്റും നിരവധി ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തു. സ്‌ഫോടനത്തില്‍ ആകാശം മുഴുവനും തീയും പുകയും വിഴുങ്ങുന്നതിന്റെ ചിത്രങ്ങളായിരുന്നു അവ.
യുക്രൈനിന് മുകളില്‍ വ്യോമ നിരോധിത മേഖല ഏര്‍പെടുത്തണമെന്ന തന്റെ ആവശ്യം വിദേശ രാജ്യങ്ങളോട് ആവര്‍ത്തിക്കാന്‍ ഈ സംഭവം സെലന്‍സ്‌കിയെ പ്രേരിപ്പിച്ചു. 'ഞങ്ങള്‍ എല്ലാ ദിവസവും ആവര്‍ത്തിക്കുന്നു. യുക്രൈനിനു മുകളിലുള്ള വ്യോമ പാത അടയ്ക്കുക എന്ന് . എല്ലാ റഷ്യന്‍ മിസൈലുകള്‍ക്കും... യുദ്ധവിമാനങ്ങള്‍ക്കും, കടക്കാന്‍ കഴിയാത്തവിധം വ്യോമ പാത അടയ്ക്കുക,' എന്ന് അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.
അതേസമയം യുക്രൈനിന് മുകളില്‍ വ്യോമ പാത അടയ്ക്കുന്നത് ഒരു ലോക മഹായുദ്ധത്തിന് കാരണമാകുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈകല്‍ ഞായറാഴ്ച പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ യുക്രൈന്‍ പ്രസിഡന്റിന്റെ ആവശ്യങ്ങളോട് നിഷേധാത്മക പ്രതികരണങ്ങളാണ് ഉണ്ടായിരിക്കുന്നത്.
ഞായറാഴ്ചത്തെ വീഡിയോ സന്ദേശത്തില്‍, റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടുന്നതിന് കിഴക്കന്‍-യൂറോപ്യന്‍ രാജ്യങ്ങള്‍ യുക്രൈനിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അയയ്ക്കാനും സെലെന്‍സ്‌കി ആഹ്വാനം ചെയ്തു. അതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തിങ്കളാഴ്ച പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.
യുക്രൈനും റഷ്യയും തമ്മിലുള്ള മൂന്നാം റൗന്‍ഡ് ചര്‍ചകള്‍ക്ക് മുന്നോടിയായാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍. റഷ്യന്‍ പ്രതിനിധി സംഘം ബെലാറസിലേക്ക് പോയതായി റോയിടേഴ്സ് റിപോര്‍ട് ചെയ്തു. അവിടെ ചര്‍ചകള്‍ക്കായി യുക്രേനിയന്‍ പ്രതിനിധി കാത്തുനില്‍ക്കും.
Keywords: 9 dead, including 5 civilians, after Russian rockets set Ukraine airport on fire, Ukraine, News, Russia, Killed, Media, Report, Gun Battle, Trending, World.