Follow KVARTHA on Google news Follow Us!
ad

റഷ്യ, യുക്രൈനെ ആക്രമിക്കാന്‍ കാരണമെന്ത്? യുദ്ധത്തില്‍ അമേരികയുടെയും യൂറോപിന്റെയും റോളെന്ത്? എരിതീയില്‍ എണ്ണ ഒഴിക്കുന്നതാര്? അറിയാം വിശദമായി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,attack,America,Russia,Business,Trending,Ukraine,National,
ന്യൂഡെല്‍ഹി: (www.kvartha.com 24.02.2022) റഷ്യ ഏത് സമയവും യുക്രൈനെ ആക്രമിക്കുമെന്ന് അമേരിക ആവര്‍ത്തിച്ച് വ്യക്തമാക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി, യുദ്ധം തുടങ്ങിയാല്‍ റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പെടുത്തുമെന്നും യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. എന്നിട്ടും റഷ്യന്‍ പ്രസിഡന്റ് വ്യാഴാഴ്ച യുദ്ധത്തിന് ഉത്തരവിട്ടു. യഥാര്‍ഥത്തില്‍ അമേരിക ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു എന്ന് അറിയുമ്പോള്‍ അതിശയോക്തി പറയുകയാണെന്ന് വിചാരിക്കരുത്. യുദ്ധം വന്ന വഴി ഇങ്ങിനെയാണ്...

യുക്രൈന്‍ റഷ്യ തര്‍ക്കം - ചരിത്രം

2004 മുതല്‍ 2006വരെ നടന്ന ഓറൻജ് വിപ്ലവം (ആഭ്യന്തര കലാപം) കഴിഞ്ഞ് യുക്രൈന്‍ റഷ്യയില്‍ നിന്ന് അകന്ന് അമേരികയോട് അടുത്തു. ഈ അപകടം മണത്ത റഷ്യ പലവിധ പ്രകോപനങ്ങളും ഉപരോധങ്ങളും അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. സോവിയറ്റ് യൂനിയനില്‍ നിന്ന് വേര്‍പിരിഞ്ഞ് 1991ലാണ് യുക്രൈന്‍ സ്വതന്ത്ര രാജ്യമാകുന്നത്. കിഴക്കന്‍ യൂറോപിലെ ഏറ്റവും വലിയ രാജ്യമാണിത്. കരിങ്കടല്‍ തീരമുള്ള യുക്രൈന്റെ മറ്റ് അയല്‍ രാജ്യങ്ങളാണ് പോളൻഡ്, ബലാറസ്, ഹങ്കറി, സ്ലൊവാക്യ.

2014 ഫെബ്രുവരി 27 മുതല്‍ റഷ്യയെ പിന്തുണയ്ക്കുന്ന സായുധരായ വിമതര്‍ യുക്രൈന്റെ ഭാഗമായ ക്രീമിയയുടെ ഭൂരിഭാഗവും പിടിച്ചടക്കി. യുക്രൈന്‍ വിപ്ലവമെന്നാണ് ഇതിനെ അവര്‍ വിശേഷിപ്പിച്ചത്. അതിന് ശേഷമാണ് റഷ്യയും യുക്രൈനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. റഷ്യന്‍ വംശജരായ യുക്രൈനികളെ സംരക്ഷിക്കാനായുള്ള നീക്കത്തിനായാണ് പിടിച്ചെടുക്കല്‍ എന്നായിരുന്നു റഷ്യന്‍ നിലപാട്.
2014 മാര്‍ച് 18ന് ക്രിമിയയെ റഷ്യയുടെ ഭാഗമാക്കുന്നതു സംബന്ധിച്ച കരാറില്‍ റഷ്യന്‍പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ക്രിമിയ പാര്‍ലമെന്റ് സ്പീകെര്‍ വല്‍ദിമിര്‍ കൊണ്‍സ്റ്റാറ്റിനോവും ഒപ്പിട്ടു.

റഷ്യയുടെ നടപടിയില്‍ പ്രതിഷേധിച്ച് ജി-എട്ട് രജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് അവരെ പുറത്താക്കാന്‍ സംഘടന തീരുമാനിച്ചു. ക്രീമിയയില്‍ ഭൂരിപക്ഷം റഷ്യന്‍ ഭാഷ സംസാരിക്കുന്നവരാണെന്നും യുക്രൈന്റെ ഭാഗമായിരിക്കത്തെന്നെ ക്രീമിയക്ക് സ്വയംഭരണാവകാശം ഉണ്ടായിരുന്നെന്നുമാണ് റഷ്യ നിരത്തിയ ന്യായം. റഷ്യന്‍ അനുകൂലിയായ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെ പുറന്തള്ളി പ്രതിപക്ഷം അധികാരം പിടിച്ചെടുത്തതോടെയാണ് റഷ്യയും യുക്രൈനും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായത്.

അമേരിക നേതൃത്വം നല്‍കുന്ന നാറ്റോയുമായുള്ള യുക്രൈന്റെ ബന്ധമാണ് റഷ്യയെ ഇപ്പോള്‍ പ്രകോപിതരാക്കിയത്. യുക്രൈന്‍ താമസിയാതെ, നാറ്റോ അംഗമാകും എന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. 1949ല്‍ രൂപംകൊണ്ട നോര്‍ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) സോവിയറ്റ് കാലം മുതല്‍ റഷ്യക്ക് ഭീഷണിയാണ്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സോവിയറ്റ് യൂനിയനെ നിയന്ത്രണത്തിലാക്കാന്‍ അമേരികയുടെ മുന്‍കൈ എടുത്ത് ആരംഭിച്ചതാണ് സൈനിക കൂട്ടായ്മയായ നാറ്റോ. ആദ്യം 12 അംഗരാജ്യങ്ങളാണ് ഉണ്ടായിരുന്നത്. കിഴക്കന്‍ യൂറോപില്‍ നിന്ന് നാറ്റോയിലേക്ക് അംഗങ്ങളെ ചേര്‍ക്കില്ലെന്ന് അമേരികയും ശിങ്കിടികളും സോവിയറ്റ് യൂനിയന് നല്‍കിയ വാക്ക് ഒരിക്കലും പാലിച്ചിട്ടില്ല. സോയിവറ്റ് യൂനിയനില്‍ നിന്ന് പുറത്തുവന്ന പലര്‍ക്കും നാറ്റോ അംഗത്വവും നല്‍കി. യുക്രൈനും ജോര്‍ജിയയ്ക്കും അംഗത്വം കിട്ടിയാല്‍, പാശ്ചത്യ ശക്തികള്‍ക്ക് റഷ്യയെ തളയ്ക്കാന്‍ വളരെ എളുപ്പമാണെന്ന് പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വിശ്വസിക്കുന്നു. അമേരിക മറ്റുള്ളവരെ മുന്നില്‍ നിര്‍ത്തി കളിക്കുന്ന ഈ തന്ത്രത്തെ ഏത് വിധേനയും തടയുക മാത്രാണ് റഷ്യയുടെ ലക്ഷ്യം, അതിന് യുദ്ധം മാത്രമായിരുന്നു മുന്നിലുള്ള മാര്‍ഗമെന്ന് പുടിന്റെ സൈനികനീക്കത്തില്‍ നിന്ന് വ്യക്തമാണ്.


Why is Russia attacking Ukraine? What is the role of America and Europe in the war? Who pours oil on the fire? All you know, New Delhi, Attack, America, Russia, Business, Trending, Ukraine, National


സാമ്പത്തിക പ്രശ്‌നങ്ങള്‍

റഷ്യയുടെ വരുമാനത്തിന്റെ 40 ശതമാനം എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കയറ്റുമതിയാണ്. ഇതിന്റെ പ്രധാന വിപണി യൂറോപാണ്. യൂറോപ്യന്‍ യൂനിയനിലുള്ള രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന വാതകത്തിന്റെ മൂന്നിലൊന്നും റഷ്യയില്‍ നിന്നാണ്. യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയില്‍ റഷ്യ നേടിക്കൊണ്ടിരിക്കുന്ന സ്വാധീനം കണ്ട് അമേരികയ്ക്ക് അസൂയ മൂത്തു. ജര്‍മനി അടക്കമുള്ള പല യൂറോപ്യന്‍ രാജ്യങ്ങളിലും ആവശ്യത്തിന് ഇന്ധനവിതരണമില്ല. അതിനാല്‍ തീ വിലയാണ്. വിലക്കയറ്റംകൊണ്ട് ജനംപൊറുതിമുട്ടുകയാണ്. റഷ്യയില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്ത്, കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യാനാണ് ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് രണ്ടാഴ്ച മുമ്പ് മോസ്‌കോയില്‍ വിമാനമിറങ്ങിയത്.

വടക്കന്‍ റഷ്യയില്‍ നിന്ന് ബാള്‍ടിക് സമുദ്രത്തിനടിയിലൂടെ ജര്‍മനിയിലേക്ക് പ്രകൃതിവാതകം എത്തിക്കുന്ന പദ്ധതിയാണ് നോര്‍ഡ് സ്ട്രീം ടു. 1100 കോടി ഡോളറിന്റെ പദ്ധതിയാണിത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ നോര്‍ഡ് സ്ട്രീം വണിന്റെ ശേഷി ഇരട്ടിയാകും. ജര്‍മനിക്ക് വിലക്കുറവില്‍ വീടുകളില്‍ പാചകവാതകം വിതരണം ചെയ്യാം. വരുമാനം കുറഞ്ഞ മധ്യവര്‍ഗകാരാണ് ഒലാഫ് ഷോള്‍സിന്റെ ഡെമോക്രാറ്റ് പാര്‍ടിയെ അധികാരത്തിലേറ്റിയത്. അവര്‍ക്കിത് വലിയ ആശ്വാസമാകും. ഓലാഫിന്റെ തൊപ്പിയിലൊരു പൊന്‍തൂവലുമാകും. യൂറോപ്യന്‍ യൂനിയന്‍ ഇതുവരെ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ല. യുദ്ധം ആരംഭിച്ചതോടെ ഈ പൈപ് ലൈന്‍ പദ്ധതി ഏതാണ്ട് അവതാളത്തിലാകുമെന്ന അവസ്ഥയിലാണ്. ഇത് അമേരികയ്ക്ക് നന്നായി അറിയാമായിരുന്നു.

നോഡ് സ്ട്രീം ടുവിനെതിരെ റിപബ്ലികൻ സെനറ്റര്‍ ജനുവരി 13ന് യു എസ് സെനറ്റില്‍ ഉപരോധ ബില്‍ അവതരിപ്പിച്ചെങ്കിലും പൊളിഞ്ഞു പാളീസായി. അതിന് ശേഷം യു എസ് പ്രസിഡന്റും ജര്‍മന്‍ ചാന്‍സലറും വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യ യുക്രൈനെ ആക്രമിച്ചാല്‍ നോര്‍ഡ് സ്ട്രീം ടു പദ്ധതി നടപ്പാകില്ലെന്നാണ് അന്ന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയത്. ഓലാഫാകട്ടെ ഇതിനോട് പ്രതികരിച്ചില്ല.

റഷ്യ യുദ്ധത്തിനൊരുങ്ങുന്നു എന്ന് അമേരിക പെരുമ്പറ മുഴക്കുമ്പോഴും അവര്‍ ഊട്ടിവളര്‍ത്തുന്ന നാറ്റേ സേന റഷ്യന്‍ നഗരമായ സെന്‍പീറ്റേഴ്സ് ബര്‍ഗില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ യുക്രൈന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരുന്നു. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇലക്ഷനില്‍ പുടിന്‍ ഇടപെട്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ട്രംപും പുടിനും ഇത് നിഷേധിച്ചെങ്കിലും ഡെമോക്രാറ്റിക് പാര്‍ടി അതിനോട് യോജിച്ചില്ല. അവരാണല്ലോ ഇപ്പോ അമേരിക ഭരിക്കുന്നത്.
 
Keywords: Why is Russia attacking Ukraine? What is the role of America and Europe in the war? Who pours oil on the fire? All you know, New Delhi, Attack, America, Russia, Business, Trending, Ukraine, National.

Post a Comment