ചെന്നൈ: (www.kvartha.com 19.02.2022) സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡായ വിജയ് ചിത്രം ബീസ്റ്റിലെ 'അറബിക് കുത്ത്'ന് ചുവടുവച്ച് തെന്നിന്ത്യന്‍ താരം സാമന്ത. നൃത്തരംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവച്ചതോടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. ചടുലമായ ചുവടുകളും ഗ്ലാമര്‍ ലുകുമാണ് പ്രേക്ഷകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം.
വിമാനത്താവളത്തില്‍ വച്ചാണ് സാമന്തയുടെ പ്രകടനം. ധാരാളം കമന്റുകള്‍ ലഭിക്കുന്നുണ്ട്, നിരവധി പേരാണ് നടിക്ക് നല്ല പ്രതികരണമറിയിക്കുന്നത്.
പ്രണയദിനത്തിലാണ് ഇളയ ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റിലെ 'അറബിക് കുത്ത്' പ്രേക്ഷകര്‍ക്കരികിലെത്തിയത്. ഇപ്പോഴിതാ മികച്ച കാഴ്ച്ചക്കാരെയാണ് പാട്ട് നേടിയിരിക്കുന്നത്. ഇതിനോടകം അഞ്ച് കോടിയിലേറെ കാഴ്ചക്കാരെ പാട്ട് സ്വന്തമാക്കിക്കഴിഞ്ഞു.
അറബിക് സ്‌റ്റൈല്‍ മ്യൂസിക്, വരികള്‍ എന്നിവക്കൊപ്പം തമിഴ് ബീറ്റുകള്‍ മിക്‌സ് ചെയ്ത് ഒരുക്കിയ ഈ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തത്. അതിനൊപ്പം തന്നെ വിജയ്, പൂജ ഹെഗ്ഡെ എന്നിവരുടെ കിടിലന്‍ നൃത്ത ചുവടുകളും വീഡിയോയില്‍ ഉള്‍പെടുത്തിയിരുന്നു.
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് സൂപര്‍ഹിറ്റ് സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആണ്. നടന്‍ ശിവകാര്‍ത്തികേയന്‍ എഴുതിയ വരികള്‍ അനിരുദ്ധും ജോനിതാ ഗാന്ധിയും ചേര്‍ന്ന് ആലപിച്ചു.
റിലീസ് ചെയ്ത നിമിഷം മുതല്‍ ട്രെന്‍ഡിങ്ങിലാണ് ഗാനം. നിരവധി പേരാണ് ഗാനത്തിന് ചുവടുവച്ചുകൊണ്ട് രംഗത്തെത്തിയത്. പാട്ട് അനൗണ്‍സ് ചെയ്ത് കൊണ്ടുള്ള വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്.
മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈന്‍ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും.
മൂന്ന് പ്രതിനായകന്‍മാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപോര്‍ട്. ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.