ഏഷ്യയില്‍ ആദ്യം; മെറ്റാവേഴ്സില്‍ വിവാഹം നടത്തി തമിഴ് ദമ്പതികള്‍

 


ചെന്നൈ: (www.kvartha.com 07.02.2022) ഏഷ്യയില്‍ ആദ്യം, മെറ്റാവേഴ്സില്‍ വിവാഹം നടത്തി തമിഴ് ദമ്പതികള്‍. ദിനേഷ് എസ് പി, ജനകനന്ദിനി രാമസ്വാമി എന്നിവരുടെ വിവാഹമാണ് ഫെബ്രുവരി ആറിന് തമിഴ്നാട്ടിലെ ചെറുഗ്രാമമായ ശിവലിംഗപുരത്ത് വെച്ച് മെറ്റാവേഴ്സിലൂടെ നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിര്‍ച്വല്‍ ലോകത്ത് വെച്ച് ദമ്പതികളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി.

വിര്‍ച്വല്‍ റിയാലിറ്റി, ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യകളുടെയെല്ലാം സഹായത്തോടെ സൃഷ്ടിച്ചെടുക്കുന്ന ത്രിഡി ലോകമാണ് മെറ്റാവേഴ്സ്. അനുബന്ധ ഉപകരണങ്ങളുടെ സഹായത്തോടെ മെറ്റാവേഴ്സില്‍ പ്രവേശിക്കുന്നവര്‍ക്ക് മറ്റുള്ളവരെ കാണാനും പരസ്പരം സംസാരിക്കാനും സാധിക്കും. എല്ലാവര്‍ക്കും സ്വന്തമായി അവതാറുകളും ഉണ്ടാവും.

ഏഷ്യയില്‍ ആദ്യം; മെറ്റാവേഴ്സില്‍ വിവാഹം നടത്തി തമിഴ് ദമ്പതികള്‍

കോവിഡ് നിയന്ത്രണങ്ങളുടെ ഫലമായി വിവാഹച്ചടങ്ങുകള്‍ക്ക് ആളുകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ നിര്‍ബന്ധിതനായതോടെയാണ് നാട്ടില്‍വെച്ച് കുറച്ചുപേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താനും റിസപ്ഷന്‍ വിര്‍ച്വലായി മെറ്റാവേഴ്സില്‍ വെച്ച് നടത്താനും തീരുമാനിച്ചത് എന്ന് ദിനേശ് പറയുന്നു. വിവാഹം നിശ്ചയിച്ചപ്പോള്‍ തന്നെ മെറ്റാവേഴ്സില്‍ വെച്ച് അത് നടത്തിയാലോ എന്ന് ചിന്തിച്ചിരുന്നു. അത് വധുവിനും ഇഷ്ടമായി എന്ന് ദിനേശ് പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ദിനേശ്.

മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ടാര്‍ഡി വേഴ്സ് എന്ന സ്റ്റാര്‍ട് അപ് ആണ് റിസപ്ഷന്‍ നടത്തുന്നതിനുള്ള മെറ്റാവേഴ്സ് നിര്‍മിച്ചെടുത്തത്. അതിഥികള്‍ക്കും വധുവിനും വരനും വേണ്ടിയുള്ള അവതാറുകളും നിര്‍മിച്ചു. വധുവിന്റെ മരിച്ചുപോയ പിതാവിന്റെ അവതാറും നിര്‍മിച്ചിരുന്നു.

മെറ്റാവേഴ്സില്‍ നടന്ന ഈ വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പരിപാടിയോടനുബന്ധിച്ച് ചെന്നൈയില്‍ നിന്നു ഒരു സംഗീത പരിപാടിയും മെറ്റാവേഴ്സില്‍ നടത്തി.

വിവാഹത്തിന് വേണ്ടി പ്രത്യേക എന്‍എഫ്ടി യും (നോണ്‍ ഫണ്‍ജിപിള്‍ ടോകന്‍) പുറത്തിറക്കിയിരുന്നു. ഗാര്‍ഡിയന്‍ ലിങ്ക് പുറത്തിറക്കിയ സ്പെഷ്യല്‍ എഡിഷന്‍ എന്‍എഫ്ടികള്‍ ബിയോന്‍ഡ് ലൈഫ്.ക്ലബ് മാര്‍കറ്റ് പ്ലേസ് വഴി ലഭ്യമാണ്.

ഐഐടി മദ്രാസിലെ പ്രൊജക്ട് അസിസ്റ്റന്റ് ആണ് ദിനേശ്. ക്രിപ്റ്റോ കറന്‍സി, ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ദിനേശ് കഴിഞ്ഞ ഒരു വര്‍ഷമായി ക്രിപ്റ്റോകറന്‍സിയായ എഥീറിയം മൈനിങിലാണ്. മെറ്റാവേഴ്സിന്റെ അടിസ്ഥാന സാങ്കേതികവിദ്യയാണ് ബ്ലോക് ചെയിന്‍.

ഏഷ്യയില്‍ ആദ്യം; മെറ്റാവേഴ്സില്‍ വിവാഹം നടത്തി തമിഴ് ദമ്പതികള്‍

Keywords: Video: Inside A Tamil Nadu Couple's Wedding Reception In Metaverse, Chennai, News, Marriage, Friends, Technology, National.    
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia