കൊല്‍കത്ത: (www.kvartha.com 16.02.2022) മുതിര്‍ന്ന ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി (90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ജനുവരി മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബംഗാളി, ഹിന്ദി ഭാഷകളില്‍ നിരവധി ചലച്ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. ബംഗാള്‍ സര്‍കാരിന്റെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ബംഗ്ലാ ബിഭൂഷണ്‍, മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പത്മശ്രീ പുരസ്‌കാരം നിഷേധിച്ചതുമായി ബന്ധപ്പെട്ട് സന്ധ്യ കഴിഞ്ഞ മാസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
സന്ധ്യ പുരസ്‌കാരം നിരസിക്കുകയാണെന്ന വിവരം മകള്‍ സൗമി സെന്‍ഗുപ്തയാണ് മാധ്യമങ്ങളെ അറിയിച്ചത്. ബംഗാളി സംഗീത രംഗത്ത് പതിറ്റാണ്ടുകളായി നിറസാന്നിധ്യമായി നില്‍ക്കുന്ന അമ്മയ്ക്ക് 90-ാം വയസില്‍ പുരസ്‌കാരം നല്‍കുന്നത് അനാദരവായി തോന്നിയതിനാലാണ് നിരസിച്ചതെന്നും മകള്‍ വിശദീകരിച്ചിരുന്നു.
60 കളിലും 70 കളിലും ചലച്ചിത്ര പിന്നണിഗാനരംഗത്തെ ശ്രദ്ധേയ സാന്നിധ്യങ്ങളിലൊന്നായിരുന്നു സന്ധ്യ മുഖര്‍ജി. ബംഗാളിയില്‍ 1000 കണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള അവര്‍ മറ്റു ഭാഷകളിലും പാടിയിട്ടുണ്ട്. പ്രശസ്ത ഗായകനായ ഹേമന്ദ മുഖര്‍ജിക്കൊപ്പമുള്ള യുഗ്മഗാനങ്ങള്‍ ആസ്വാദകര്‍ ഏറെ ആഘോഷിച്ചവയാണ്.