കോട്ടയം: (www.kvartha.com 07.02.2022) പാമ്പിന്റെ കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷിനെ കോട്ടയം മെഡികല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. വാവ സുരേഷിന്റെ ആരോഗ്യ നില പഴയ നിലയിലേക്ക് തിരിച്ചെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അണുബാധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്. ആശുപത്രി മുറിയില്‍ തനിയെ നടക്കാന്‍ തുടങ്ങുകയും ആഹാരം സ്വന്തമായി കഴിക്കുകയും ചെയ്യുന്നുണ്ട്. പഴയ കാര്യങ്ങളെല്ലാം ഓര്‍ത്ത് സാധാരണ പോലെ സംസാരിക്കുന്നു. നിലവില്‍ ജീവന്‍ രക്ഷാമരുന്നുകള്‍ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങാനുള്ള ആന്റിബയോടികുകള്‍ മാത്രമാണ് നിലവില്‍ നല്‍കുന്നത്. മുറിവ് പതിയെ ഉണങ്ങുന്നുണ്ട്. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂര്‍ണ തോതില്‍ തിരിച്ച് കിട്ടി. ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സുരേഷിന്റെ സാധാരണ നിലയിലേക്കുള്ള മടങ്ങിവരവ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചി നീലംപേരൂരില്‍ വാവ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയില്‍ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡികല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.