ന്യൂഡെല്‍ഹി: (www.kvartha.com 12.02.2022) അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് (യു സി സി) നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. അഞ്ച് കൊല്ലം അധികാരത്തിലിരുന്നിട്ടും നടപ്പാക്കാനാകാത്ത കാര്യം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബി ജെ പി നേതാവ് കൂടിയായ മുഖ്യമന്ത്രി പുഷ്‌കര്‍ എസ് ധമി ഇപ്പോള്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ഉത്തരാഖണ്ഡില്‍ എത്രയും വേഗം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംസ്ഥാനത്തെ എല്ലാവര്‍ക്കും തുല്യാവകാശം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ എസ് ധമി പറഞ്ഞു. പുതിയ സര്‍കാര്‍ രൂപീകരിച്ചാലുടന്‍, ബി ജെ പി സംസ്ഥാനത്ത് യു സി സിയുടെ കരട് തയ്യാറാക്കാന്‍ ഒരു കമിറ്റി രൂപീകരിക്കുമെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.
നിയമവിദഗ്ധര്‍, വിരമിച്ചവര്‍, ബുദ്ധിജീവികള്‍, മറ്റ് പങ്കാളികള്‍ എന്നിവരടങ്ങുന്നതാണ് സമിതി. എല്ലാ ആളുകള്‍ക്കും അവരുടെ വിശ്വാസം പരിഗണിക്കാതെ വിവാഹം, വിവാഹമോചനം, ഭൂമി-സ്വത്ത്, അനന്തരാവകാശം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ യു സി സി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമം സാമൂഹിക ഐക്യം വര്‍ധിപ്പിക്കുമെന്നും ലിംഗനീതി വര്‍ധിപ്പിക്കുമെന്നും സ്ത്രീ ശാക്തീകരണം ശക്തിപ്പെടുത്തുമെന്നും സംസ്ഥാനത്തിന്റെ അസാധാരണമായ സാംസ്‌കാരിക-ആത്മീയ സ്വത്വവും പരിസ്ഥിതിയും സംരക്ഷിക്കാന്‍ സഹായിക്കുമെന്നും ധാമി അവകാശപ്പെട്ടു.
നടത്താന്‍ പോകുന്ന പ്രഖ്യാപനം എന്റെ പാര്‍ടിയുടെ പ്രമേയമാണ്, പുതിയ ബി ജെ പി സര്‍കാര്‍ രൂപീകരിച്ചാലുടന്‍ അത് നിറവേറ്റപ്പെടും. 'ദേവഭൂമി'യുടെ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുക എന്നത് ഞങ്ങളുടെ പ്രധാന കടമയാണ്,' താന്‍ പ്രചാരണത്തിനിടെ ഖത്തിമയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ധമി പറഞ്ഞു.
വിവാഹം, വിവാഹമോചനം, ഭൂസ്വത്ത്, പിന്തുടര്‍ച്ചാവകാശം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ യു സി സി കമിറ്റിയുടെ പരിധിയില്‍ വരും, അദ്ദേഹം വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു. ഇത് ഇന്‍ഡ്യയുടെ ഭരണഘടനാ നിര്‍മ്മാതാക്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും. സമൂഹത്തിലെ എല്ലാ പൗരന്മാര്‍ക്കും അവരുടെ മതം പരിഗണിക്കാതെ തുല്യമായ നിയമം, എന്ന ആശയം അവതരിപ്പിക്കുന്ന ഇന്‍ഡ്യന്‍ ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിലേക്കുള്ള ഫലപ്രദമായ ചുവടുവയ്പ്പാണിത്.
പൊതുസിവില്‍ കോഡ് നടപ്പാക്കി രാജ്യത്തിന് മുന്നില്‍ മാതൃക കാട്ടിയ ഗോവയാണ് ഉത്തരാഖണ്ഡിലെ ബി ജെ പി സര്‍കാരിന് ഈ തീരുമാനത്തിന് പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.