തിരുവനന്തപുരം: (www.kvartha.com 12.02.2022) ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര കോംപൗന്‍ഡിനുള്ളില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കി ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനുമായ ഡോ നവ്‌ജ്യോത്‌ഖോസ ഉത്തരവിറക്കി. ക്ഷേത്രാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രൗന്‍ഡ്, കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലും ഇത് ബാധകമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും പൊങ്കാല അനുവദിക്കില്ല.
ക്ഷേത്രത്തില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ദര്‍ശനത്തിന് എത്തുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റിവ് സെര്‍ടിഫികറ്റ് അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ ഹാജരാക്കണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം പ്രവേശിക്കാം. വലന്റിയര്‍മാര്‍ക്കും നിര്‍ദേശം ബാധകമാണ്.
രോഗലക്ഷണമുള്ളവര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം അനുവദിക്കില്ല. ക്ഷേത്രത്തിനുള്ളിലും പരിസരത്തും കോവിഡ് പ്രോടോകോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം.
സാമൂഹിക അകലം പാലിക്കുന്നതിന് , കൃത്യമായ അകലം നിശ്ചയിച്ച് വൃത്താകൃതിയില്‍ നിലത്ത് അടയാളപ്പെടുത്തണം. ഭക്തജനങ്ങള്‍ ഈ അടയാളങ്ങളില്‍ മാത്രം നില്‍ക്കുന്നതിന് സംഘാടകര്‍ നിര്‍ദേശം നല്‍കണം. ക്യൂ, ബാരികേഡുകള്‍ എന്നീ സംവിധാനങ്ങളിലൂടെ പൊലീസും സംഘാടകരും ആള്‍ക്കൂട്ടം നിയന്ത്രിക്കണം. ആചാരപ്രകാരമല്ലാത്ത പരിപാടികള്‍ അനുവദിക്കില്ല.
ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ മുഴുവന്‍ സമയവും കോവിഡ് പ്രോടോകോള്‍(മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം) പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
Keywords: Up to 1500 devotees can visit Attukal temple on Attukal Ponkala day, Thiruvananthapuram, News, Religion, Attukal Pongala, District Collector, Kerala.