Follow KVARTHA on Google news Follow Us!
ad

ത്രിപുരയിൽ ബിജെപിക്ക് വൻ തിരിച്ചടി; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രണ്ട് എംഎൽഎമാർ രാജിവച്ചു; കോൺഗ്രസിൽ ചേരുമെന്ന് സൂചന; 2023ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതിയ സമവാക്യങ്ങളെന്ന് വിലയിരുത്തൽ

Two Tripura BJP MLAs resign, hit out at CM #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അഗർതല: (www.kvartha.com 07.02.2022) ബിജെപി എംഎൽഎമാരായ സുദീപ് റോയ് ബർമനും ആശിഷ് സാഹയും തിങ്കളാഴ്ച ത്രിപുര നിയമസഭയിൽ നിന്ന് രാജിവെച്ചു. പാർടി അംഗത്വവും ഉപേക്ഷിച്ചു. ഇരുവരും സ്പീകെർ രത്തൻ ചക്രവർത്തിയെ കണ്ട് രാജിക്കത്ത് കൈമാറി. ന്യൂഡെൽഹിയിലേക്ക് പോകുമെന്നും ഭാവി പരിപാടികൾക്ക് അന്തിമരൂപം നൽകുമെന്നും റോയ് ബർമാൻ നിയമസഭയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
 
Two Tripura BJP MLAs resign, hit out at CM


'ബിജെപിയുടെ നേതൃത്വത്തിലുള്ള സർകാർ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിൽ ദയനീയമായി പരാജയപ്പെട്ടതിനാൽ രാജി വെച്ചതിന് ശേഷം എനിക്ക് ആശ്വാസമുണ്ട്. ആരെയും സംസാരിക്കാൻ അനുവദിക്കുന്നില്ല. ജനങ്ങളുടെ ശബ്ദം കേൾക്കാൻ ആരുമില്ലാത്ത ത്രിപുരയിൽ ഒരു 'മുഖിയ'യും (തലവനും) ചില ഉദ്യോഗസ്ഥരും സ്വേച്ഛാധിപത്യ ഭരണം നടത്തുകയാണ്. മന്ത്രിമാർക്ക് സ്വതന്ത്രമായി അവരുടെ ചുമതലകൾ നിർവഹിക്കാൻ അനുവാദമില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലുള്ള സർകാർ ന്യൂനപക്ഷമായി ചുരുങ്ങും. നിരവധി എം‌എൽ‌എമാർ നിരാശയിൽ നിന്ന് പാർടി വിടാൻ ഒരുങ്ങുകയാണ്' - മുൻ ആരോഗ്യമന്ത്രി കൂടിയായ റോയ് ബർമാൻ പറഞ്ഞു.

കോൺഗ്രസിലേക്ക് തിരിച്ചുവരുമോയെന്ന ചോദ്യത്തിന് ഡൽഹിയിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ മണിക് സാഹയ്ക്കും കത്തയച്ചിട്ടുണ്ടെന്ന് മറ്റൊരു എംഎൽഎയായ ആശിഷ് സാഹ പറഞ്ഞു. ഫെബ്രുവരി 12ന് ത്രിപുരയിൽ തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുവരും കോൺഗ്രസിൽ ചേരുമെന്നാണ് സൂചനകൾ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി സുദീപ് റോയ് കുറച്ചുകാലമായി ബന്ധപ്പെട്ടിരുന്നതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. നിയമസഭയിലെ മുൻ പ്രതിപക്ഷ നേതാവായിരുന്ന റോയ് ബർമാൻ തൃണമൂൽ കോൺഗ്രസിലേക്കും പിന്നീട് ബിജെപിയിലേക്കും മാറുന്നതിന് മുമ്പ് കോൺഗ്രസിനൊപ്പമായിരുന്നു. 2018 ലെ ത്രിപുര തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് പിന്നിലെ പ്രധാന പങ്ക് വഹിച്ച റോയ് ബർമനെ മന്ത്രിയായി നിയമിച്ചെങ്കിലും ഒരു വർഷത്തിന് ശേഷം മന്ത്രിസ്ഥാത്ത് നിന്ന് ഒഴിവാക്കി.

ത്രിപുരയിലെ പ്രധാന നേതാവിന്റെ പുറപ്പാട് 2023ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതിയ സമവാക്യങ്ങളുമായും കൂട്ടിക്കെട്ടുന്നുണ്ട്. മുൻ മുഖ്യമന്ത്രി സമീർ രഞ്ജൻ ബർമാന്റെ മകനായ റോയ് ബർമാന്റെ പുറത്തുപോക്ക് ബിജെപിക്ക് വലിയ തിരിച്ചടിയായായാണ് കണക്കാക്കുന്നത്. ഭരണകക്ഷിയിലെ പലരും അദ്ദേഹത്തെ അനുഗമിച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്. പുതിയ സംഭവികാസങ്ങൾ മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ ആശങ്കയിലാഴ്ത്തുന്നതാണ്.

രണ്ട് എംഎൽഎമാരുടെ രാജിയോടെ 60 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗസംഖ്യ 33 ആയി കുറഞ്ഞു. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടിക്ക് എട്ട് എംഎൽഎമാരും പ്രതിപക്ഷമായ ഇടതുമുന്നണിക്ക് 15 ഉം അംഗങ്ങളാണുള്ളത്.


Post a Comment