കൊച്ചി: (www.kvartha.com 19.02.2022) ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ റിമാന്‍ഡിലുള്ള നാല് പ്രതികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തി. കേസില്‍ സിപിഎം പ്രവര്‍ത്തകരായ ബശീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. ദീപു മരിച്ച സാഹചര്യത്തിലാണ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്.
ഈമാസം 12 നാണ് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്ന് കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു(37)വിന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ വെള്ളിയാഴ്ച രാവിലെ മെഡികല്‍ ബോര്‍ഡ് ചേര്‍ന്ന് ദീപുവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുന്നത്തുനാട് എം എല്‍ എ പി വി ശ്രീനിജിന് എതിരെയുള്ള വിളക്ക് അണക്കല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ദീപുവിന്റെ മരണത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ച ദീപുവിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ എം എല്‍ എ നടത്തിയ ലിവര്‍സിറോസിസ് ആയിരിക്കാം മരണകാരണമെന്ന പ്രതികരണം ട്വന്റി ട്വന്റി പ്രവര്‍ത്തകരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അതേസമയം ദീപുവിന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. കോട്ടയം മെഡികല്‍ കോളജിലെ പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം വൈകീട്ട് മൂന്ന് മണിക്ക് മൃതദേഹം കിഴക്കമ്പലത്തെ ട്വന്റി ട്വന്റി നഗറില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് വിലാപയാത്രയായി വീട്ടിലെത്തിക്കും. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം 5.30 ഓടെ കാക്കനാട് അത്താണിയിലെ പൊതു ശ്മശാനത്തിലാണ് സംസ്‌കാരം.
ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റുമോര്‍ടം കോട്ടയത്തേക്ക് മാറ്റിയത്. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ട് പോയത്.
ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്നാണ് പാര്‍ടിയുടെ ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ആരോപിക്കുന്നത്. സിപിഎമിനും, കുന്നത്ത് നാട് എം എല്‍ എ പിവി ശ്രീനിജനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നത്. ദീപുവിനെ സി പി എം പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചുവെന്നും ദീപുവിന് കരള്‍ രോഗമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രീനിജന്‍ ശ്രമിക്കുന്നുവെന്നും ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ആരോപിച്ചു.
എന്നാല്‍ സാബു എം ജേക്കബിന്റെ ആരോപണങ്ങള്‍ കുന്നത്ത് നാട് എം എല്‍ എ പിവി ശ്രീനിജന്‍ തള്ളി. വാസ്തവ വിരുദ്ധമായ ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നതെന്നും കേസിലേക്ക് തന്നെ വലിച്ചിഴക്കാന്‍ ബാലിശമായശ്രമം നടക്കുന്നുവെന്നും ശ്രീനിജന്‍ ആരോപിച്ചു.