കൊച്ചി: (www.kvartha.com 18.02.2022) കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലന്‍ജില്‍ പങ്കെടുത്തതിന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു(37)വിന്റെ മരണത്തില്‍ രോഷം അടക്കാനാവാതെ ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍. ദീപുവിന്റെ മരണകാരണം ലിവര്‍ സിറോസിസ് ആയിരിക്കാമെന്ന പി വി ശ്രീനിജന്‍ എംഎല്‍എയുടെ പ്രതികരണത്തിനെതിരെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ട്വന്റി ട്വന്റി.
പട്ടിയെപ്പോലെയാണ് ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചതെന്നും, തങ്ങളവിടെ എത്തുമ്പോള്‍ ദീപുവിനെ കഴുത്തിന് കുത്തിപ്പിടിച്ച് ഇടിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു. ക്രൂരമായ മര്‍ദനം തന്നെയാണ് ദീപുവിന്റെ മരണകാരണമെന്നും അവര്‍ ആരോപിക്കുന്നു.
'പട്ടിയെപ്പോലെ തല്ലിക്കൊന്നിട്ട് ലിവര്‍ സിറോസിസെന്നോ, എന്റെ കൊച്ചിനെ കൊന്നവരെ വെറുതെ വിടൂല. ഞങ്ങളാ അടിച്ചത്, ഞങ്ങള് സിപിഎംകാരാ, അതില് നിനക്കെന്താ വേണ്ടേടീ, എന്നാ അവരെന്നോട് ചോദിച്ചത്. എന്റൊപ്പം പ്രവര്‍ത്തിച്ചിരുന്ന എന്റെ സഹോദരനാ പോയത്. കിഴക്കമ്പലത്ത് എംഎല്‍എയെ കാല് കുത്തിക്കൂല്ല. ഓര്‍ത്തോ. പാവപ്പെട്ട ഒരാളുടെ പോലും മെക്കട്ട് പോലും കേറാന്‍ നിക്കാത്ത അവനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്തി. അതുകൊണ്ടാ അവന് ചികിത്സ വൈകിയത്. രണ്ട് ദിവസം വൈകിയാ അവനെ ആശുപത്രിയില്‍ കൊണ്ട് പോയത്. അതും ചോര ഛര്‍ദിച്ചിട്ട്. ഇവിടെ കൊണ്ടുവന്ന പിന്നാലെ ഡോക്ടറ് പറഞ്ഞു വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന്. അവിടെ നിന്ന് പിന്നെ കുറച്ച് കഴിഞ്ഞപ്പോ പറഞ്ഞു വെന്റിലേറ്റര്‍ മാറ്റിയാല്‍ ആള് ബാക്കി ഉണ്ടാവില്ലെന്ന്. ബ്രെയിന്‍ ഡെതായി എന്നാ പറഞ്ഞത്. അങ്ങനെ രണ്ട് ദിവസമാ ഇവരിവിടെ അവനെ കിടത്തിയത്. ഇതിനെല്ലാം പിന്നില്‍ പി വി ശ്രീനിജന്‍ എംഎല്‍എയാ', അവര്‍ ആരോപിക്കുന്നു.
തിങ്കളാഴ്ച രാവിലെയാണ് രക്തം ഛര്‍ദിച്ചതിനെത്തുടര്‍ന്ന് കിഴക്കമ്പലം അഞ്ചാം വാര്‍ഡിലെ ട്വന്റി ട്വന്റി വാര്‍ഡ് ഏരിയാ സെക്രടറിയായ ദീപുവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരികരക്തസ്രാവമുണ്ടെന്നും കൂടുതല്‍ ചികിത്സ വേണമെന്നും വ്യക്തമായതിനെത്തുടര്‍ന്ന് ദീപുവിനെ രാജഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാല്‍ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ദീപുവിനെ പിന്നീട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ രാവിലെ മെഡികല്‍ ബോര്‍ഡ് ചേര്‍ന്ന് ദീപുവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച കിഴക്കമ്പലത്ത് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനെതിരെ നടന്ന വിളക്കണയ്ക്കല്‍ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ ട്വന്റി 20 പ്രവര്‍ത്തകനായ ദീപുവിനെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴേകാലോടെയാണ് കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ താമസക്കാരനായ ദീപുവിന് മര്‍ദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിഴക്കമ്പലം സ്വദേശികളും സിപിഎം പ്രവര്‍ത്തകരുമായ ബശീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം, ഹരിജന പീഡനം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരിപ്പോള്‍ മൂവാറ്റുപുഴ സബ് ജയിലിലാണ്.