കൊച്ചി: (www.kvartha.com 18.02.2022) കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലന്‍ജില്‍ പങ്കെടുത്തതിന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ മരിച്ചു. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയിലെ താമസക്കാരനായ ദീപു (37) ആണ് മരിച്ചത്. കിഴക്കമ്പലം അഞ്ചാം വാര്‍ഡിലെ ട്വന്റി ട്വന്റി വാര്‍ഡ് ഏരിയാ സെക്രടറിയാണ്.
തലച്ചോറില്‍ ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാല്‍ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ദീപുവിനെ പിന്നീട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ രാവിലെ മെഡികല്‍ ബോര്‍ഡ് ചേര്‍ന്ന് ദീപുവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ദീപുവിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നാല് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിഴക്കമ്പലം സ്വദേശികളും സിപിഎം പ്രവര്‍ത്തകരുമായ ബശീര്‍, സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം, ഹരിജന പീഡനം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരിപ്പോള്‍ മൂവാറ്റുപുഴ സബ് ജയിലിലാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
കഴിഞ്ഞ ഫെബ്രുവരി 12നാണ് ദീപുവിന് മര്‍ദനമേറ്റത്. ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലന്‍ജിന് കെഎസ്ഇബി തടസം നിന്നത് എംഎല്‍എയും സര്‍കാരും കാരണമാണെന്ന് ചൂണ്ടിക്കാട്ടി വീടുകളില്‍ 15 മിനിറ്റു വിളക്കണച്ചു പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടില്‍ പ്രതിഷേധ സമരത്തില്‍ പങ്കാളിയായി.
ഇതേതുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരായ ഒരുപറ്റം ആളുകള്‍ ദീപുവിനെ മര്‍ദിച്ചു. അവശനിലയിലായ ഇയാളെ വാര്‍ഡ് മെമ്പറും സമീപവാസികളും എത്തിയാണ് രക്ഷിച്ചത്. ഇതിനിടെ വീടിനു മുന്നിലെത്തിയ അക്രമികള്‍, ദീപുവിനു ചികിത്സ നല്‍കുകയോ പൊലീസില്‍ അറിയിക്കുകയോ ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
അക്രമത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ദീപു രക്തം ഛര്‍ദിക്കുകയും അത്യാസന്ന നിലയിലാകുകയും ചെയ്തു. പഴങ്ങനാടുള്ള ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ ദീപുവിനെ പുലര്‍ച്ചെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. പട്ടിമറ്റം സ്റ്റേഷനില്‍ നിന്നു പൊലീസെത്തിയെങ്കിലും മൊഴി രേഖപ്പെടുത്താന്‍ സാധിച്ചില്ല. വാര്‍ഡ് മെമ്പര്‍ നിഷയാണ് മൊഴി നല്‍കിയത്.
എന്നാല്‍ വസ്തുതകളും പോസ്റ്റ്‌മോര്‍ടം റിപോര്‍ടിലെ വിവരങ്ങളും പുറത്തുവരട്ടെ, എന്നിട്ട് പ്രതികരിക്കാമെന്നാണ് പി വി ശ്രീനിജന്‍ എംഎല്‍എയുടെയും സിപിഎമിന്റെയും പ്രതികരണം. സംഘര്‍ഷം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് പരാതി പോലും നല്‍കുന്നത്, ദീപു ചികിത്സ തേടിയതും അതിന് ശേഷമാണ്, മരിച്ചയാള്‍ക്ക് മറ്റ് അസുഖങ്ങളുണ്ടെന്നാണ് തന്റെ അറിവെന്നും സംഘര്‍ഷം ഉണ്ടായതായി ദീപു മൊഴി നല്‍കിയിട്ടില്ലെന്നുമാണ് പി വി ശ്രീനിജന്‍ പറയുന്നത്.