ഒടാവ: (www.kvartha.com 26.02.2022) പുടിനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവിനുമെതിരെ അമേരിക, ബ്രിടന്‍, യൂറോപ്യന്‍ യൂനിയനും ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാനഡയും രംഗത്തെത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് കാനഡയും വ്യക്തിപരമായി വിലക്കേര്‍പെടുത്തി.
പുടിനും അദ്ദേഹത്തിന്റെ ഉപദേശക സമിതിക്കും ഉപരോധം ഏര്‍പെടുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ്, പുടിന്റെ ചീഫ് ഓഫ് സ്റ്റാഫ് എന്നിവര്‍ക്കും ഉപരോധം ബാധകമാകും. യുക്രൈനില്‍ സംഭവിക്കുന്ന മരണങ്ങളുടെയും നാശത്തിന്റെയും ഉത്തരവാദിത്തം പുടിനും സംഘത്തിനുമാണെന്ന് ട്രൂഡോ പറഞ്ഞു.
റഷ്യയുടെ യുദ്ധം യുക്രൈനിലെ 40 ദശലക്ഷത്തിലധികം നിരപരാധികളായ പൗരന്മാര്‍ക്കും ലോകത്തിനും എതിരെയുള്ള ക്രൂരതയാണെന്നും ട്രൂഡോ വ്യക്തമാക്കി. കാനഡയും സഖ്യകക്ഷികളും റഷ്യനും പുടിനുമെതിരെ പുറപ്പെടുവിക്കുന്ന മൂന്നാമത്തെ ഉപരോധമാണെന്നും അദ്ദേഹം പറഞ്ഞു.
കാനഡയില്‍ സ്വകാര്യ ഉടമസ്ഥതയില്‍ പുടിന് ഒന്നുമില്ലെങ്കിലും സഖ്യകക്ഷികളോട് സഹകരണം വ്യക്തമാക്കുന്നതാണെന്നും പുടിനെതിരെയുള്ള വിലക്കുകള്‍ നിര്‍ണായകമാണെന്നും ട്രൂഡോ പറഞ്ഞു.
എന്നാല്‍ പുടിന് വിലക്കേര്‍പെടുത്തിയത് അംഗീകരിക്കാനാകില്ലെന്ന് കാനഡയിലെ റഷ്യന്‍ എംബസി വ്യക്തമാക്കി. നയതന്ത്രങ്ങളുടെ എല്ലാ തത്വങ്ങള്‍ക്കും വിരുദ്ധമാണ് കാനഡയുടെ നടപടിയെന്നും റഷ്യ കുറ്റപ്പെടുത്തി.
യൂറോപ്യന്‍ യൂനിയനും പുടിനുമായുള്ള എല്ലാ സാമ്പത്തിക ബന്ധവും വിലക്കിയിരുന്നു. യുഎസ് പുടിന് യാത്രാ വിലക്കും ഏര്‍പെടുത്തി.