'ബില്‍ അടയ്ക്കാനായി ഒരു കൗണ്ടര്‍ മാത്രം പ്രവര്‍ത്തിച്ചിരുന്നത് അന്വേഷിച്ചപ്പോള്‍ കംപ്യൂടര്‍ തകരാറെന്ന് ആരോഗ്യ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു'; ജീവനക്കാരിയെ ജോലിയില്‍ നിന്ന് മാറ്റി
Feb 22, 2022, 08:14 IST
തിരുവനന്തപുരം: (www.kvartha.com 22.02.2022) തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെ ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍. കംപ്യൂടര്‍ തകരാറാണെന്നും 11 മാസമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ചതിനാണ് നടപടിയെന്നാണ് റിപോര്‍ട്. അന്വേഷണ വിധേയമായാണ് ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുന്നത്.
ക്യാഷ് കൗണ്ടറിലാണ് സംഭവം. ജനറല്‍ ആശുപത്രിയില്‍ മന്ത്രി വീണ ജോര്‍ജ് തിങ്കളാഴ്ച രാവിലെ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. വിവിധ പരിശോധനകള്‍ക്ക് ബില്‍ അടയ്ക്കേണ്ട ക്യാഷ് കൗണ്ടറില്‍ ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് രോഗികള്‍ക്കേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി മന്ത്രി കണ്ടുവെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരിയോട് ഇതിന്റെ കാരണം മന്ത്രി അന്വേഷിച്ചു.
കംപ്യൂടര്‍ തകരാറിലാണെന്നും 11 മാസമായി പ്രവര്‍ത്തിക്കുന്നില്ല എന്നുമായിരുന്നു ഇതിന് ജീവനക്കാരിയുടെ മറുപടിയെന്നാണ് വിവരം. തുടര്‍ന്ന് സൂപ്രണ്ടിനെയും ഇ-ഹെല്‍ത് ജീവനക്കാരേയും മന്ത്രി ഉടന്‍ വിളിച്ചു വരുത്തി. അവരുടെ പരിശോധനയില്‍ കംപ്യൂടര്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇതോടെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി സ്വീകരിക്കാനും എത്രയും വേഗം കൗണ്ടര്‍ പുന:സ്ഥാപിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയെന്നാണ് റിപോര്‍ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരിക്കെതിരെ നടപടി.
തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന സ്ട്രോക് യൂനിറ്റ് എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കാനും പക്ഷാഘാത ചികിത്സയ്ക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് പരിചരണം ഉറപ്പാക്കാനും നിര്‍ദേശിച്ചു. അത്യാഹിത വിഭാഗം, കാത്തിരിപ്പ് സ്ഥലം, ഫാര്‍മസി, കോവിഡ് വാര്‍ഡ്, ഓപറേഷന്‍ തിയറ്റര്‍ കോംപ്ലക്സ്, വിവിധ ഐസിയുകള്‍, കാത് ലാബ് എന്നിവ സന്ദര്‍ശിച്ചു. രോഗികളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തി.
ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന അപക്സ് ട്രോമ ആന്‍ഡ് എമര്‍ജന്‍സി ലേനിങ് സെന്ററിലെത്തി ക്ലാസുകള്‍ നേരിട്ട് വിലയിരുത്തി. ആശുപത്രി സൗകര്യം, സേവനം, ചികിത്സ എന്നിവ ഉറപ്പാക്കാനാണ് ആശുപത്രി സന്ദര്‍ശനം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.