തിരുവനന്തപുരം: (www.kvartha.com 14.02.2022) പ്രണയദിനത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളായ മനുവും ശ്യാമയും ഒന്നായി. ഇരുവരുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തില്‍വച്ചായിരുന്നു വിവാഹം.
ടെക്നോപാര്‍കില്‍ സീനിയര്‍ എച് ആര്‍ എക്‌സിക്യുടീവാണ് തൃശ്ശൂര്‍ സ്വദേശി മനു കാര്‍ത്തിക. സാമൂഹികസുരക്ഷാ വകുപ്പില്‍ ട്രാന്‍സ്ജെന്‍ഡര്‍ സെലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്ററും ആക്ടിവിസ്റ്റുമായ ശ്യാമ എസ് പ്രഭ തിരുവനന്തപുരം സ്വദേശിയാണ്. 10 വര്‍ഷത്തിലധികമായി പരസ്പരം അറിയുന്ന ഇരുവരും 2017ലാണ് പ്രണയം തുറന്നുപറഞ്ഞത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വത്തില്‍ നിന്നുകൊണ്ട് തന്നെ വിവാഹം ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ നിയമസാധുതയുണ്ടോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അവരുടെ ഐഡന്റിറ്റിയില്‍ നിന്നുകൊണ്ടുള്ള വിവാഹത്തിന് സാധുത നല്‍കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശ്യാമയും മനുവും.
മറ്റുപല ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹങ്ങളും മുമ്പ് നടന്നിട്ടുണ്ടെങ്കിലും അതൊക്കെ രേഖകളിലെ ആണ്‍-പെണ്‍ ഐഡന്റിറ്റി ഉപയോഗിച്ചാണ് വിവാഹം രെജിസ്റ്റര്‍ ചെയ്തത്.