ഗാന്ധിനഗര്‍: (www.kvartha.com 19.02.2022) ഡേറ്റിംഗ് ആപ് ടിന്‍ഡറിലൂടെ ജുനഗഡിലുള്ള 28 കാരനായ യുവാവിനെ യുവതിയെന്ന വ്യാജേന സൗഹൃദം സ്ഥാപിച്ചശേഷം കത്തിമുനയില്‍ നിര്‍ത്തി 55,000 രൂപ കൊള്ളയടിച്ചെന്ന് പരാതി. ഗുജറാതിലെ ജുനഗഡ് ജില്ലയിലാണ് സംഭവം. പ്രതി സ്ത്രീയാണെന്ന് നടിച്ചാണ് 28 കാരനെ വലയിലാക്കിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ ശര്‍ഫറാസ് ബുഖാരി (29), അര്‍ബാസ് ബ്ലോച്ച് (18), ഇര്‍ഫാന്‍ സംഘി (30), ഇജാസ് റഫായി (27) എന്നിവര്‍ അറസ്റ്റിലായി. ഇവരുടെ പക്കല്‍ നിന്ന് 43,800 രൂപയും പൊലീസ് കണ്ടെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഒരു സ്ത്രീയുടെ വ്യാജ ടിന്‍ഡര്‍ അകൗണ്ട് വഴി പ്രതി യുവാവിനോട് ഗഞ്ചിവാഡ പ്രദേശത്തിന് സമീപം വരണമെന്നും കാണണമെന്നും ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോള്‍ കാസര്‍-ഇ-ഖവാജ അപാര്‍ട്‌മെന്റിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. അപാര്‍ട്‌മെന്റില്‍ പ്രവേശിച്ചപ്പോള്‍ അക്രമികളിലൊരാള്‍ വാതില്‍ അടയ്ക്കുകയും മറ്റ് മൂന്ന് പേര്‍ വടികൊണ്ട് ആക്രമിക്കുകയുമായിരുന്നു. പിന്നീട് യുവാവിനെ കത്തിമുനയില്‍ നിര്‍ത്തി, പ്രതിയുടെ അകൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടു.
പ്രതികള്‍ ഗൂഗിള്‍ പേ വഴി അവരുടെ അകൗണ്ടിലേക്ക് 31,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയും എ ടി എം കാര്‍ഡ് കൊള്ളയടിക്കുകയും 24,000 രൂപ പിന്‍വലിക്കുകയും ചെയ്തു,' -ജുനഗഡ് ഡെപ്യൂടി പൊലീസ് സൂപ്രണ്ട് (എസ് പി) പ്രദീപ്‌സിന്‍ഹ് ജഡേജ വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് ഇരയായ യുവാവ് പരാതിയുമായിഎത്തി. രഹസ്യവിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഘഞ്ചിപത് മേഖലയിലെ റെയില്‍വേ ട്രാകിന് സമീപം നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ 28കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതായി ഇവര്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
മറ്റൊരു കേസില്‍, ഗുജറാതിലെ അഹമ്മദാബാദില്‍ 30 വയസുള്ള ഒരാളുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും മൊബൈല്‍ ഫോണും 24,300 രൂപയും കഴിഞ്ഞ മാസം കവര്‍ന്നു.
സംഭവത്തിന് ഇരയായ മായങ്ക് പാണ്ഡ്യ പരാതി നല്‍കാന്‍ പൊലീസിനെ സമീപിച്ചു. ഇരുവരും തന്നെ കൊള്ളയടിക്കുക മാത്രമല്ല, പണം പിന്‍വലിക്കാന്‍ എ ടി എം കിയോസ്‌കിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോവുകയും ചെയ്തതായി പാണ്ഡ്യ പറഞ്ഞു. എന്നിരുന്നാലും, കിയോസ്‌കില്‍ തെറ്റായ പിന്‍ നല്‍കി താന്‍ ഓടി രക്ഷപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.