ഭോപാല്‍: (www.kvartha.com 20.02.2022) ഇത് സാങ്കേതികവിദ്യയുടെ കാലമാണ്. എന്തിനും ഏതിനും ഇപ്പോള്‍ പരിഹാരമില്ലാത്തതായി ഒന്നുമില്ല. വര്‍ധിച്ചുവരുന്ന സാങ്കേതികവിദ്യ ഇപ്പോള്‍ യാചകരും പ്രയോജനപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നത്. മധ്യപ്രദേശിലാണ് ഒരു യാചകന്‍ തന്റെ ജോലിക്ക് ഡിജിറ്റല്‍ മാര്‍ഗം വഴി പണം സ്വീകരിക്കുന്നത്.
മധ്യപ്രദേശിലെ ചിന്ദ്വാരയിലെ തെരുവുകളിലാണ് ഡിജിറ്റല്‍ യാചകന്‍ ഭിക്ഷ തേടുന്ന കാഴ്ച കാണുന്നത്. ഹേമന്ത് സൂര്യവംശി എന്ന വ്യക്തി തന്റെ കൈയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ ബാര്‍കോഡുമായാണ് ജനങ്ങളോട് ഭിക്ഷ യാചിക്കുന്നത്.
ഹേമന്ത് സൂര്യവംശി പണം ആവശ്യപ്പെട്ട് ഒരു വ്യക്തിയെ സമീപിക്കുന്നു, ആ ആളുടെ പക്കല്‍ പണമില്ലെങ്കില്‍, ഒരു ഡിജിറ്റല്‍ ബാര്‍കോഡ് കാണിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നു. ഹേമന്തിന്റെ ഭിക്ഷാടന ശൈലി പലരും ഇഷ്ടപ്പെടുന്നുണ്ടെന്നും സമീപിക്കുന്ന എല്ലാവരും പണം നല്‍കാറുണ്ടെന്നുമാണ് അറിയുന്നത്.
ഡിജിറ്റല്‍ സാങ്കേതികവിദ്യ കാരണം ആളുകള്‍ ബാര്‍കോഡ് എളുപ്പത്തില്‍ സ്‌കാന്‍ ചെയ്യുന്നുവെന്ന് യാചകന്‍ പറയുന്നു. പലപ്പോഴും അഞ്ചു രൂപയില്‍ കൂടുതല്‍ മാത്രമേ ലഭിക്കൂ. ഹേമന്ത് സൂര്യവംശി നേരത്തെ മുനിസിപല്‍ കൗണ്‍സിലില്‍ ജോലി ചെയ്തിരുന്നുവെങ്കിലും ചില കാരണങ്ങളാല്‍ അദ്ദേഹത്തെ ജോലിയില്‍ നിന്ന് നീക്കിയതായാണ് ലഭിക്കുന്ന വിവരം.
ജോലി നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞു. തുടര്‍ന്നാണ് ഭിക്ഷ യാചിക്കാന്‍ തുടങ്ങിയത്. കൈയില്‍ മൊബൈല്‍ ഫോണും ബാര്‍കോഡുമായി ഭിക്ഷാടനത്തിനായി അങ്ങോട്ടും ഇങ്ങോട്ടും അലയുന്ന ഹേമന്ത് സൂര്യവംശിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
നേരത്തെ ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ ബേടിയ പട്ടണത്തില്‍ താമസിക്കുന്ന രാജു പ്രസാദും(40) ഇത്തരത്തില്‍ ഡിജിറ്റല്‍ ഭിക്ഷ തേടുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഭിക്ഷ നല്‍കാന്‍ ചില്ലറയില്ലെങ്കില്‍ ഡിജിറ്റലായി പണം നല്‍കാന്‍ ഇയാള്‍ ആളുകളോട് ആവശ്യപ്പെടും.
'കയ്യില്‍ നാണയത്തുട്ടുകളില്ലെങ്കില്‍ വിഷമിക്കേണ്ട, നിങ്ങള്‍ക്ക് ഇ വാലറ്റ് വഴി എനിക്ക് പണമടയ്ക്കാം. ഇപ്പോള്‍ ഞാന്‍ ഡിജിറ്റല്‍ പേയ്‌മെന്റിന്റെ സൗകര്യം പ്രയോജനപ്പെടുത്തുന്നു', ചില്ലറയില്ലെന്ന് പറഞ്ഞ് പണം നല്‍കാതിരിക്കുന്ന വഴിയാത്രക്കാരനോട് പ്രസാദ് പറയുന്നത് ഇങ്ങനെയാണ്.
'കുടുംബത്തിലെ ഏക വരുമാന മാര്‍ഗമായിരുന്ന പിതാവ് മരിച്ചതോടെയാണ് മകന്‍ രാജു പ്രസാദ് റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷ യാചിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അദ്ദേഹം ഭിക്ഷ ചെയ്യുന്നു. അല്‍പം മടിയനായ രാജു പ്രസാദ് ഭിക്ഷാടനം തന്റെ ഉപജീവനമാര്‍ഗമായി സ്വീകരിക്കുകയായിരുന്നു, ആളുകള്‍ അവനെ പിന്തുണച്ചു' - എന്നാണ് ഇയാളുടെ ഭിക്ഷാടനത്തെ കുറിച്ച് പൊതുപ്രവര്‍ത്തകനായ തിവാരി പറയുന്നത്.
നേരത്തെ ബേടിയയില്‍ നിര്‍ത്തുന്ന ട്രെയിനുകളുടെ പാന്‍ട്രി കാറില്‍ നിന്ന് സൗജന്യ ഭക്ഷണം വാങ്ങി കഴിച്ചിരുന്ന ഇയാള്‍ ഇപ്പോള്‍ ഭക്ഷണം വാങ്ങുന്നത് വഴിയോര ധാബയില്‍ നിന്നാണ്. രാത്രി റെയില്‍വേ പ്ലാറ്റ് ഫോമില്‍ ഉറങ്ങുന്നു.
Keywords: This is MP's first 'digital beggar', begs online, Madhya pradesh, News, Technology, Social Media, National.