ന്യൂഡെല്‍ഹി: (www.kvartha.com 17.02.2022) ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഹെല്‍മറ്റും സുരക്ഷാ കവചവും കേന്ദ്രം നിര്‍ബന്ധമാക്കുന്നതോടെ നിരത്തുകളില്‍ പൊലിയുന്ന കുരുന്ന് ജീവിതങ്ങളുടെ എണ്ണം കുറയും. ഓരോ ദിവസവും കുറഞ്ഞത് 30 കുട്ടികളെങ്കിലും ഇന്‍ഡ്യയിലെ റോഡുകളില്‍ മരിക്കുന്നു, അവരില്‍ പലരും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ്. അതിനാല്‍ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു, റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന സേവ് ലൈഫ് ഫൗന്‍ഡേഷന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂടീവുമായ പിയൂഷ് തിവാരി പറഞ്ഞു.
അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന ഒമ്പത് മാസത്തിനും നാല് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ഹെല്‍മറ്റും സുരക്ഷാ കവചവും ധരിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം ബുധനാഴ്ചയാണ് അറിയിച്ചത്.
കുട്ടികളുള്ള ഇരുചക്രവാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ പരമാവധി 40 കി.മീ ആയിരിക്കണം, റോഡുകളിലെ എല്ലാ വാഹനങ്ങളിലും മുക്കാല്‍ ഭാഗവും സ്‌കൂടറോ മോടോര്‍സൈകിളുകളോ ആയ ഒരു രാജ്യത്ത് ഒരു സുപ്രധാന തീരുമാനമാണിതെന്നും അധികൃതര്‍.
കുട്ടികള്‍ക്കുള്ള സുരക്ഷാ കവചങ്ങളുടെയും ക്രാഷ് ഹെല്‍മെറ്റുകളുടെയും മാനദണ്ഡങ്ങള്‍ പഠിക്കാനും വ്യക്തമാക്കാനും ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു ഗതാഗത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
'കുട്ടികള്‍ക്കുള്ള ഈ ഇനങ്ങളുടെ ഇന്‍ഡ്യന്‍ സ്‌പെസിഫികേഷനുമായി ബി ഐ എസ് പുറത്തുവരുന്നതുവരെ, യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കണം,' അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കുള്ള സുരക്ഷാ കവചം ഭാരം കുറഞ്ഞതും ക്രമീകരിക്കാവുന്നതും വാടര്‍പ്രൂഫും മോടിയുള്ളതുമായിരിക്കണം, ഗതാഗത മന്ത്രാലയം ശുപാര്‍ശ ചെയ്തു.
നാല് വയസിന് മുകളിലുള്ള കുട്ടികള്‍ മോടോര്‍ വെഹികിള്‍സ് ആക്ടിന്റെ പരിധിയില്‍ വരും. 2016-ല്‍, ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ നാല് വയസിന് മുകളിലുള്ള കുട്ടികള്‍ ഹെല്‍മറ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്രം നിയമം ഭേദഗതി ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയ ശേഷമാണ് ചൊവ്വാഴ്ച കേന്ദ്ര മോടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് മന്ത്രാലയം അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം പുറപ്പെടുവിച്ച് ഒരു വര്‍ഷത്തിന് ശേഷം നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും, അതായത് 2023 ഫെബ്രുവരി 15 മുതല്‍ അവ നടപ്പിലാക്കുമെന്നും ഉത്തരവ് വ്യക്തമാക്കി.
സുരക്ഷാ കവചങ്ങളും ഹെല്‍മെറ്റുകളും നിര്‍മിക്കാന്‍ കമ്പനികള്‍ക്ക് സമയം ആവശ്യമാണെന്ന് ഗതാഗത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി ഐ എസ്) വ്യക്തമാക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മറ്റാണ് കുട്ടികള്‍ക്ക് വാങ്ങേണ്ടത്.
നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് 1,000 രൂപ പിഴ ഈടാക്കുകയും മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ആക്കുകയും ചെയ്യും. സര്‍കാര്‍ കണക്കുകള്‍ പ്രകാരം (വാഹന്‍ ഡാഷ്‌ബോര്‍ഡ്) രാജ്യത്തെ 277.1 ദശലക്ഷം വാഹനങ്ങളില്‍ 75 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. ഡെല്‍ഹിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത 13 ദശലക്ഷം വാഹനങ്ങളില്‍ 7.3 ദശലക്ഷമെങ്കിലും ഇരുചക്രവാഹനങ്ങളാണ്.
നാല് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി, മോടോര്‍ സൈകിളിന്റെ ഡ്രൈവറോട് കുട്ടിയെ ചേര്‍ത്തുവയ്ക്കുന്നതിന് സുരക്ഷാ കവചം ഉപയോഗിക്കണം. കുട്ടി ധരിക്കേണ്ട വസ്ത്രമാണ് സുരക്ഷാ കവചം. കുട്ടിയുടെ മുകളിലെ ശരീരം ഡ്രൈവറുമായി സുരക്ഷിതമായി ഘടിപ്പിച്ചിരിക്കുന്ന രീതിയിലായിരിക്കണം കവചമെന്നും ഗതാഗതമന്ത്രാലയം നിര്‍ദേശിക്കുന്നു.