സിയോള്‍: (www.kvartha.com 04.02.2022) ദക്ഷിണ കൊറിയ വിപണിയിലിറക്കിയ മൂക്ക് മാത്രം മറയുന്ന പുത്തന്‍ മാസ്‌ക് ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍. ആകൃതിയിലും ഉപയോഗത്തിലും വേറിട്ടു നില്‍ക്കുന്ന ഈ മാസ്‌കിന് 'കോസ്‌ക്' എന്നാണ് പേരിട്ടിരിക്കുന്നത്. 'കോസ്‌ക്' എന്ന കൊറിയന്‍ പദത്തിന്റെ അര്‍ഥം മൂക്ക്, മുഖം മൂടി എന്ന രണ്ടു അര്‍ഥത്തില്‍ നിന്നും ഉണ്ടായതാണ് എന്ന് വാഷിംഗ്ടന്‍ പോസ്റ്റ് റിപോര്‍ട് പറയുന്നു.
ഭക്ഷണം കഴിക്കുമ്പോഴോ കുടിക്കുമ്പോഴോ ധരിക്കാന്‍ കഴിയുന്ന ഒന്നാണ് ഈ ദക്ഷിണ കൊറിയന്‍ മാസ്‌ക്. കോസ്‌ക് എന്ന പേരുള്ള ഈ മാസ്‌ക് മൂക്ക് മാത്രം മറയ്ക്കുകയും ഭക്ഷണം കഴിക്കാനും സംസാരിക്കാനും കഴിയുന്ന വിധം വായ മറക്കാതെ വയ്ക്കുകയും ചെയ്യും. അറ്റ്മാന്‍ എന്ന ദക്ഷിണ കൊറിയന്‍ കമ്പനിയാണ് ഈ മാസ്‌ക് വികസിപ്പിച്ചത്.
ആദ്യ കാഴ്ച്ചയില്‍ ഇത് വായയും മൂക്കും മൂടുന്ന ഒരു സാധാരണ മാസ്‌ക് ആയി അനുഭവപ്പെടുമെങ്കിലും ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഉദാഹരണത്തിന് ഭക്ഷണം എളുപ്പത്തില്‍ കുടിക്കാനോ കഴിക്കാനോ കഴിയുന്ന രീതിയിലേക്ക് അതായത് മൂക്ക് മാത്രം മൂടുന്ന തരത്തില്‍ ഈ മാസ്‌ക് മടക്കാന്‍ സാധിക്കും.
വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ ഈ മാസ്‌ക് ലഭ്യമാണ്. കോസ്‌ക് മാസുകള്‍ KF80 മാസ്‌ക് ആയി ടാഗ് ചെയ്തിരിക്കുന്നു. KF എന്നാല്‍ 'കൊറിയന്‍ ഫില്‍ടര്‍' എന്നതിന്റെ ചുരുക്ക രൂപമാണ്. ഇതിനൊപ്പം വരുന്ന നമ്പര്‍ 0.3 മൈക്രോണ്‍ വരെ ചെറിയ കണങ്ങളെ ഫില്‍ടര്‍ ചെയ്യാനുള്ള മാസ്‌കിന്റെ കാര്യക്ഷമതയെ സൂചിപ്പിക്കുന്നു. ഇതനുസരിച്ച് ഒരു KF80 മാസ്‌കിന് 0.3 മൈക്രോണ്‍ വരെ ചെറിയ കണങ്ങളെ 80 ശതമാനം കാര്യക്ഷമതയോടെ ഫില്‍ടര്‍ ചെയ്യാന്‍ കഴിയും എന്നാണ് അര്‍ഥമാക്കുന്നത്.