ന്യൂഡെല്‍ഹി: (www.kvartha.com 25.02.2022) യുക്രൈനിലെ സ്ഥിതിഗതികള്‍ അതീവഗുരുതരമായി മാറിയതോടെ അവിടെയുള്ള ഇന്‍ഡ്യക്കാരെ എത്രയും വേഗം അയല്‍രാജ്യങ്ങളിലെത്തിച്ച ശേഷം വിമാനമാര്‍ഗം തിരിച്ചെത്തിക്കാനുള്ള നടപടി കേന്ദ്ര സര്‍കാര്‍ തുടങ്ങി.
ഏകദേശം 1000 ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ യുക്രൈന്‍ വിടുന്നുണ്ടെന്നും വെള്ളിയാഴ്ച റുമേനിയയില്‍ എത്തുമെന്നും യുക്രൈനിലെ ഇന്‍ഡ്യന്‍ അംബാസഡര്‍ പാര്‍ഥ സത്പതി പറഞ്ഞു. 'വലിയ വെല്ലുവിളിയാണ് നേരിടുന്നതെങ്കിലും കഴിയുന്നത്ര ആളുകളെ ഒഴിപ്പിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നെന്നും' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യ യുക്രൈനില്‍ ആക്രമണം ആരംഭിച്ചത്. യുക്രൈന്‍ തലസ്ഥാനമായ കീവ് യുദ്ധമേഖലയായി മാറിയെന്നും സ്ഥിതി അതീവഗുരുതരമാണെന്നും അംബാസഡര്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ള എല്ലാ ഇന്‍ഡ്യന്‍ പൗരന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും സുരക്ഷിതമായി തിരികെ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍കാര്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ സെക്രടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല ഉറപ്പുനല്‍കി. യുക്രൈനില്‍ ഏകദേശം 20,000 ഇന്‍ഡ്യക്കാരുണ്ടെന്നും അവരില്‍ 4,000 ത്തോളം പേര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ നാട്ടിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
'ഇന്‍ഡ്യക്കാരുടെ താമസസ്ഥലങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്, അവരെ എത്രയും വേഗം ഒഴിപ്പിക്കാന്‍ നോക്കുകയാണ്,' -സത്പതി കൂട്ടിച്ചേര്‍ത്തു. അതേസമയം ബുഡാപെസ്റ്റിലെ ഇന്‍ഡ്യന്‍ എംബസി റുമേനിയ, ഹംഗറി എന്നിവിടങ്ങള്‍ വഴി ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ്.
'ഇന്‍ഡ്യന്‍ പൗരന്മാര്‍, പ്രത്യേകിച്ച് മേല്‍പ്പറഞ്ഞ അതിര്‍ത്തി ചെക് പോയിന്റുകള്‍ക്ക് അടുത്ത് താമസിക്കുന്ന വിദ്യാര്‍ഥികള്‍, ഈ സൗകര്യം ഉപയോഗിക്കുന്നതിന് മന്ത്രാലയത്തിന്റെയോ, വിദേശ കാര്യത്തിലെയോ ടീമുമായി ബന്ധപ്പെട്ട് ആദ്യം പുറപ്പെടണമെന്ന് നിര്‍ദേശിക്കുന്നതായി എംബസി പ്രസ്താവനയില്‍ അറിയിച്ചു.
ഗതാഗതത്തിനായി സ്വന്തം ക്രമീകരണങ്ങളിലൂടെ യാത്ര ചെയ്യുന്ന ഇന്‍ഡ്യന്‍ പൗരന്മാര്‍ക്ക് ഈ പറഞ്ഞ അതിര്‍ത്തി ചെക് പോയിന്റുകളിലേക്ക് പോകാനും അതിര്‍ത്തി യാത്ര സുഗമമാക്കുന്നതിന് അതാത് ചെക് പോയിന്റുകളിലെ ഹെല്‍പ് ലൈന്‍ നമ്പറുകളുമായി ബന്ധപ്പെടാനും നിര്‍ദേശിക്കും-എംബസി പ്രസ്താവനയില്‍ പറയുന്നു.