അബൂദബി: (www.kvartha.com 01.02.2022) ഔദ്യോഗിക സന്ദര്‍ശനത്തിനായി യു എ ഇ ലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബൂദബിയില്‍ ഊഷ്മള വരവേല്‍പ്. അബൂദബി രാജകുടുംബാംഗവും യു എ ഇ കാബിനെറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ശൈഖ് നഹ്യാന്റെ മകനും യു എ ഇ വിദേശകാര്യ സഹമന്ത്രി ശൈഖ് ശഖ് ബൂത് ബിന്‍ നഹ്യാന്‍ അല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയെ അബൂദബിയിലെ കൊട്ടാരത്തില്‍ വെച്ച് സ്വീകരിച്ചത്.
യു എ ഇ യുടെ വികസനത്തില്‍ മലയാളികള്‍ വഹിച്ച പങ്കിനെ ശൈഖ് നഹ്യാന്‍ പ്രകീര്‍ത്തിച്ചു. ഉന്നത ബൗധിക നിലവാരമുള്ള മലയാളികള്‍ യു എ ഇ ക്ക് എന്നും മുതല്‍കൂട്ടാണെന്നും പരസ്പര സഹകരണത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച ഭാവി പ്രദാനം ചെയ്യുമെന്നും യു എ ഇ മന്ത്രി പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍കാരിന്റെ തുടര്‍ഭരണം കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്നും ശൈഖ് നഹ്യാന്‍ കൂടിക്കാഴ്ചയില്‍ എടുത്തു പറഞ്ഞു.
കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി ശൈഖ് നഹ്യാന് വിശദീകരിച്ചു. ഇന്‍ഡ്യക്കാരോട് വിശേഷിച്ച് മലയാളികളോട് യു എ ഇ ഭരണകൂടം കാണിക്കുന്ന സ്‌നേഹത്തിനും സാഹോദര്യത്തിനും മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു.
കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി ശൈഖ് നഹ്യാന് കൂടിക്കാഴ്ചക്ക് ശേഷം സമ്മാനിച്ചു. വെള്ളിയാഴ്ച ദുബൈയില്‍ എക്‌സ്‌പോ 2020 കേരള പവലിയന്‍ ഉദ്ഘാടന ചടങ്ങിന്റെ മുഖ്യാതിഥിയാകാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം എക്‌സ്‌പോ കമിഷണര്‍ ജെനെറല്‍ കൂടിയായ ശൈഖ് നഹ്യാന്‍ സ്വീകരിച്ചു.
വ്യവസായ മന്ത്രി പി രാജീവ്, നോര്‍ക വൈസ് ചെയര്‍മാനും അബൂദബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യുസുഫലി, കെ എസ് ഐ ഡി മാനേജിങ് ഡയറക്ടര്‍ എം ജി രാജമാണിക്കം, മുഖ്യമന്ത്രിയുടെ ഒ എസ് ഡി മിര്‍ മുഹമ്മദ് എന്നിവരും സന്നിഹിതരായിരിന്നു.
Keywords: Sheikh Nahyan bin Mubarak Al Nahyan the Chief Guest at the Opening Ceremony of the Expo Kerala Pavilion, Abu Dhabi, News, Pinarayi vijayan, Inauguration, Chief Minister, Gulf, World.