ന്യൂഡെല്‍ഹി: (www.kvartha.com 26.02.2022) യുക്രൈനില്‍ നിന്നും ആശ്വാസ വാര്‍ത്ത. ഉറ്റവരുടെ ആശങ്കയ്ക്ക് അല്‍പം ആശ്വാസമേകി ഇന്‍ഡ്യക്കാരുടെ ആദ്യ സംഘം ബുകാറെസ്റ്റില്‍ നിന്ന് പുറപ്പെട്ടു. 219 യാത്രക്കാരില്‍ 19 പേര്‍ മലയാളികളാണ്. ശനിയാഴ്ച 6.30 ഓടെ വിമാനം മുംബൈയിലെത്തുമെന്നാണ് പ്രതീക്ഷ. റഷ്യന്‍ അധിനിവേശം തുടങ്ങിയ ശേഷം യുക്രൈനില്‍ നിന്നുള്ള ആദ്യ വിമാനമാണിത്.
ഡെല്‍ഹിയില്‍ ഇറങ്ങുന്ന രണ്ടാമത്തെ വിമാനത്തില്‍ 251 പേരുണ്ടാകും. ഇതില്‍ 17 മലയാളികളാണുള്ളത്. ഒരു ഇന്‍ഡ്യക്കാരനെ പോലും യുക്രൈനില്‍ കുടുങ്ങാന്‍ അനുവദിക്കില്ലെന്ന് ആദ്യ വിമാനത്തിലെ ഇന്‍ഡ്യന്‍ സംഘത്തെ അഭിസംബോധന ചെയ്ത് റുമേനിയയിലെ ഇന്‍ഡ്യന്‍ അംബാസഡര്‍ രാഹുല്‍ ശ്രീവാസ്തവ പറഞ്ഞു.
നിലവില്‍ യുക്രൈനില്‍ കുടുങ്ങിയിരിക്കുന്ന ഇന്‍ഡ്യക്കാരുമായി ആശയവിനിമയം നടത്തുന്നവര്‍ അവരെ രക്ഷിക്കാനുള്ള എല്ലാ വഴികളും ഇന്‍ഡ്യന്‍ സര്‍കാര്‍ സ്വീകരിക്കുമെന്ന് അറിയിക്കണമെന്നും അംബാസഡര്‍ നിര്‍ദേശിച്ചു. 'ഇനി ജീവിതത്തില്‍ എന്ത് പ്രതിസന്ധി വരുമ്പോഴും ഫെബ്രുവരി 26 എന്ന ഈ ദിവസം ഓര്‍മിക്കുക. ഓര്‍ക്കുക, എല്ലാം ശരിയാകും' -അംബാസഡര്‍ പറഞ്ഞു.
അതിനിടെ യുക്രൈനില്‍ നിന്ന് ഇന്‍ഡ്യക്കാരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് താന്‍ നേരിട്ട് നേതൃത്വം നല്‍കുന്നുണ്ടെന്ന്, ആദ്യ വിമാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ട്വിറ്റെറില്‍ പങ്കുവെച്ച് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞു. രക്ഷാദൗത്യത്തില്‍ ഏര്‍പെട്ടവര്‍ 24 മണിക്കൂറും കര്‍മനിരതരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുക്രൈനില്‍ നിന്നും ഇന്‍ഡ്യയിലെത്തുന്നവര്‍ക്ക് ടികെറ്റ് സൗജന്യമാണെന്ന് കേന്ദ്രസര്‍കാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വ്യാഴാഴ്ചയാണ് ലോകജനതയെ ഞെട്ടിച്ചുകൊണ്ട് യുക്രൈന്‍- റഷ്യ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യുദ്ധം തുടങ്ങി മൂന്നുദിവസമായപ്പോള്‍ അത് മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്നു. റഷ്യന്‍ സേനയ്‌ക്കെതിരെ ശക്തമായ തിരിച്ചടിയാണ് യുക്രൈന്‍ നല്‍കുന്നത്.
Keywords: Russia-Ukraine crisis: Flight from Bucharest takes off for Mumbai with 219 Indians, Ukraine, New Delhi, News, Trending, Passengers, Flight, National.