Follow KVARTHA on Google news Follow Us!
ad

പതിനെട്ടിൽ തുടങ്ങിയ പ്രണയം 68 ലും തുടരുന്നു

Romance that started at 18 continues at 68, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൂക്കാനം റഹ്‌മാൻ

(www.kvartha.com 14.02.2022) അയാള്‍ ഇന്നും ചിന്നുവിന്റെ പതിനേഴിലെ അഴക് മനസ്സില്‍ സൂക്ഷിച്ചു നടക്കുകയാണ്. അയാള്‍ക്കും ചിന്നുവിനും ഒരേ പ്രായം. കണ്ടാല്‍ മതിവരാത്ത രൂപം. പാല്‍പുഞ്ചിരി പൊഴിക്കുന്ന മുഖം. മിഴിയിണകളിലെ ചാഞ്ചാട്ടം അതിമനോഹരം. ചിന്നുവില്‍ നിന്ന് പുറത്തേക്ക് വരുന്ന മൊഴിമുത്തുകള്‍ ആസ്വദിക്കുന്നതില്‍ അയാള്‍ എന്നും വ്യാപൃതനായിരുന്നു. ഒരേ ക്ലാസിലെ പഠിതാക്കളാണിരുവരും. അയാളുടെ സുഹൃത്തുക്കള്‍ക്കെല്ലാം അവളില്‍ കണ്ണുണ്ടായിരുന്നു. പക്ഷേ അയാളോട് മാത്രമേ ചിന്നുവിന് അടുപ്പമുണ്ടായിരുന്നുളളൂ. ചടങ്ങുകളില്‍ അവള്‍ പാടുന്ന പ്രണയഗാനങ്ങളൊക്കെ അയാളെ തൃപ്തിപ്പെടുത്താനായിരുന്നു. അയാള്‍ ചിന്നുവിനെക്കുറിച്ച് കഥകള്‍ എഴുതിക്കൊണ്ടിരുന്നു. ചിന്നുവിന് ആരുമറിയാതെ ആ കഥകളെല്ലാം കൈമാറി.
                     
News, Kerala, Story, Article, Top-Headlines, Valentine's-Day, Love, Trending, Friends, Romance, Romance that started at 18 continues at 68.
       
ഹോസ്റ്റലിലെ സുഹൃത്തുക്കളെല്ലാം ഉറക്കത്തിലേക്കാഴ്ന്നു പോവുമ്പേള്‍ ചിന്നു ഉണര്‍ന്നിരുന്നു അയാളെഴുതിയ കഥകള്‍ വായിച്ചു. കഥകളെഴുതിയ കടലാസില്‍ മുത്തമിട്ടു. കണ്ണീരൊലിപ്പിച്ചും ചിന്നു സമാശ്വസിച്ചു. അടുത്ത ദിവസം രാവിലെ ക്ലാസിലെത്തുന്നതിന് മുന്നേ കഥയിലെ ഉളളടക്കത്തെക്കുറിച്ച് അയാളോട് മാറി നിന്ന് സംസാരിക്കും. ചിന്നുവിന്റെ മനസ്സില്‍ അടക്കിപ്പിടിച്ച വികാരത്തളളിച്ചകള്‍ അയാള്‍ക്കു മനസ്സിലാക്കാന്‍ പറ്റി. എന്നും തൂവാല കൊണ്ട് കണ്ണീര്‍ തുടക്കുന്ന കാഴ്ച അയാള്‍ ശ്രദ്ധിച്ചു. ചിന്നു അവളുടെ കണ്ണീര് വീണ് കുതിര്‍ന്ന തൂവാല അയാളുടെ ഉളളം കയ്യില്‍ വെച്ചു കൊടുക്കും. ഒന്നുമുരിയാടാതെ അത് തിരിച്ചെടുത്ത് ക്ലാസുമുറിയിലേക്ക് പോകും. അയാള്‍ ചിന്നുവിനെ നിര്‍ന്നിമേഷനായി നോക്കിനില്‍ക്കും. നിശബ്ദമായി അവളുടെ ഉളളിലെ വേദനയെക്കുറിച്ച് ഭാവനയില്‍ കാണും.

അടുത്ത ദിവസം കണ്ണീരണിഞ്ഞ തൂവാലയെക്കുറിച്ചായിരിക്കും അയാളുടെ കഥയെഴുത്ത്. പിന്നീട് അവള്‍ കണ്ണീരൊലിപ്പിക്കുന്നത് അയാള്‍ കണ്ടില്ല. 'കഥ വായിച്ചതോടെ ഞാന്‍ കരയാന്‍ മറന്നുപോയി'. ചിന്നു ഒരു നാള്‍ അയാളോട് പറഞ്ഞു. ഒപ്പമിരുന്ന് ഉളളുതുറന്ന് സംസാരിക്കാന്‍ അയാള്‍ക്ക് കൊതി തോന്നി. അതിനുളള അവസരം അവര്‍ക്ക് കിട്ടുന്നേയില്ല. രണ്ടു വര്‍ഷമാണ് അവര്‍ ഒപ്പമുണ്ടായിരുന്നത്. കണ്ടും കേട്ടും, ചിരിച്ചും, പാടിയും അഭിനയിച്ചും അധ്വാനിച്ചും നാളുകള്‍ കടന്നുപോയി. പരസ്പരം കുടുംബകാര്യങ്ങള്‍ കൂടുതല്‍ പറഞ്ഞില്ല. അയാളും ചിന്നുവും പരസ്പരം ഒളിച്ചുവെച്ചതാണോ എന്നും അറിയില്ല. പക്ഷേ ഉളളറിയാതെയുളള പ്രണയയമായിരുന്നു ഇരുവരും തമ്മില്‍.


ഭാവി ജീവിതത്തെക്കുറിച്ച് അവര്‍ ഒന്നും പറഞ്ഞില്ല. വേര്‍പിരിയാന്‍ കഴിയാത്ത അടുപ്പമാണ് അയാള്‍ക്ക് ചിന്നുവിനോടുണ്ടായത്, ചിന്നുവിന് അയാളോടും. അയാളുടെ മനസ്സില്‍ എന്നും ചിന്നുവാണ്. ഊണിലും ഉറക്കത്തിലും ചിന്നുവിനെക്കുറിച്ചു മാത്രമായിരുന്നു അയാളുടെ ചിന്ത. കാലം വളരെ പെട്ടന്നാണ് കടന്നുപോയത്. രണ്ടു പേരുടേയും പഠനകാലം അവസാനിക്കാറായി. യാത്രയയപ്പ് യോഗത്തിലും വേര്‍പിരിയലിന്റെ ശോകഗാനം പാടി. 'ഇനിയെന്നു കാണും നമ്മള്‍….' അയാള്‍ അതാസ്വദിച്ചു. ആരും കാണാതെ കണ്ണു തുടച്ചു. അടുത്ത ദിവസം രാവിലെ ചിന്നു ഹോസ്റ്റലില്‍ നിന്ന് യാത്രയാവും. എപ്പോള്‍ കാണുമെന്നോ എന്താണ് ഭാവി പരിപാടിയെന്നോ ചിന്നു പറഞ്ഞില്ല. അയാള്‍ പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷ അസ്ഥാനത്തായി.

രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഒരു കവര്‍ അയാളുടെ വിലാസത്തില്‍ വന്നു. ഫ്രം അഡ്രസ് എഴുതാത്ത കത്തായിരുന്നു. കയ്യക്ഷരം കണ്ടപ്പോള്‍ ചിന്നുവിന്റെതാണെന്നു അയാള്‍ തിരിച്ചറിഞ്ഞു. സ്വസ്ഥമായി ഒറ്റയ്ക്കിരുന്നു കത്ത് പൊട്ടിച്ചു നോട്ടു പുസ്തകത്തില്‍ നിന്ന് പറിച്ചെടുത്ത എട്ടു പേജു നിറച്ചും എഴുതിയ കത്തായിരുന്നു അത്. ആകാംക്ഷയോടെ വായിച്ചുതുടങ്ങി. 'യാത്രയയപ്പ് കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലില്‍ വെച്ചാണ് ഇതെഴുതുന്നത്. എല്ലാവരും വിളക്കണച്ച് കിടന്നു. ഞാന്‍ മാത്രം ഉറങ്ങാതെ എന്റെ പ്രിയ സുഹൃത്തിന് എഴുതുകയാണ്. ഞാന്‍ പോകുന്നു. പോയല്ലേ പറ്റൂ. നിനക്ക് ഉടനെ ജോലികിട്ടുമല്ലോ ഞാനും ജോലിയില്‍ പ്രവേശിക്കും. നീ വിവാഹം കഴിക്കാന്‍ പോകുന്ന ഭാഗ്യവതിയെ എനിക്കൊന്നു കാണണം. നീ വീട്ടിലേക്കു വരണം. ഞാന്‍ കാത്തിരിക്കും വരുന്ന വിവരം അറിയിച്ചാല്‍ ഞാനും ഭര്‍ത്താവും കാത്തിരിക്കും'.

ഇത്രയും വായിച്ചുകഴിഞ്ഞപ്പോഴേക്കും അയാളുടെ തൊണ്ടയിടറി. ഇതേ വരെ ചിന്നു ഇക്കാര്യം ഒളിപ്പിച്ചു വച്ചതെന്തിന്, വിവാഹിതയാണെന്ന് ചിന്നു ഇതേവരെ അയാളോട് പറഞ്ഞിട്ടില്ല. കണ്ടാല്‍ അങ്ങിനെ തോന്നിയിട്ടുമില്ല. വിവാഹിതയായ ഒരു സ്ത്രിയെ പോലേ അല്ലായിരുന്നു ചിന്നുവിന്റെ പെരുമാറ്റം. സ്ഥാപനത്തിലെ എല്ലാ പരിപാടികളിലും സജീവം. അയാളോട് എപ്പോഴും കൂടുതല്‍ കൂടുതല്‍ അടുപ്പം കാണിക്കുന്ന സമീപനം. എന്തായാലും ചിന്നു തന്നെ ഉപേക്ഷിക്കില്ലെന്ന് അയാളുടെ മനസ്സ് മന്ത്രിച്ചിരുന്നു. ഇതൊരു ചതിവായിപ്പോയല്ലോ, അവള്‍ക്കത് പറയാമായിരുന്നു. ഇതിനെ വഞ്ചനയെന്നു വിളിക്കണോ അതോ രക്ഷപ്പെടാനുളള സൂത്രമാണോ അയാള്‍ പലതും ചിന്തിച്ചു തുടങ്ങി. ആ കത്ത് കവറടക്കം അയാള്‍ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അതെടുത്ത് ഇടയ്ക്ക് വായിക്കാറുണ്ട്. എഴുതിയ കടലാസിന് കളര്‍ മാറ്റം വന്നിട്ടുണ്ട്. പക്ഷേ എഴുത്തിന് മങ്ങേറ്റിട്ടില്ല. ചിന്നുവിന്റെ ഫോട്ടോയും അതിനടുത്തു തന്നെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

ചിന്നുവിന്റെ ഇരുഭാഗത്തേക്കും പിന്നിയിട്ട ചുരുളന്‍ മുടിയും, വിടര്‍ന്ന കണ്ണുകളും, തെളിഞ്ഞ ചിരിയും കാണാന്‍ ഇന്നും അയാള്‍ ഫോട്ടോ എടുത്ത് നോക്കാറുണ്ട്. അരനൂറ്റാണ്ടായി അയാളും ചിന്നുവും തമ്മില്‍ കണ്ടിട്ട്. പക്ഷേ ജീവിത യാത്രയില്‍ നിരവധി മാറ്റങ്ങള്‍ വന്നെങ്കിലും ചിന്നുവിന്റെ രൂപവും ഭാവവും അയാളുടെ മനസ്സില്‍ നിന്ന് മായുന്നതേയില്ല. അമ്പതുവര്‍ഷങ്ങള്‍ക്കു മുമ്പ് ചിന്നു എഴുതിയ കത്തില്‍ അവളുടെ വീട്ടിലേക്കുളള കൃത്യമായ വഴിയും മറ്റും എഴുതിയിരുന്നു. അതൊക്കെ മാറിയിട്ടുണ്ടാവില്ലേ, അവള്‍ അമ്മയും മുത്തശ്ശിയും ആയി മാറിയിട്ടുണ്ടാവില്ലേ, അയാളും അങ്ങിനെയൊക്കെ ആയിത്തീര്‍ന്നു. എങ്കിലും തമ്മില്‍ കാണാന്‍ മോഹം. ജീവിത സാഹചര്യങ്ങളെക്കുറിച്ചറിയാന്‍ ആഗ്രഹം. പഴയ കൗമാര പ്രായകുതൂഹലങ്ങള്‍ പങ്കുവെക്കാന്‍ കൊതി.

നേരിട്ടു പോകുന്നതിനേക്കാള്‍ വിളിച്ചു നോക്കാമെന്നു തോന്നി. ഫോണ്‍ നമ്പര്‍ കിട്ടാനുളള വഴി തേടലായി അടുത്ത ശ്രമം. ഒപ്പം പഠിച്ചവരെയൊക്കെ വിളിച്ചു നോക്കി. ആരുടെയടുത്തും ചിന്നുവിന്റെ ഫോണ്‍ നമ്പറില്ല. നിരാശയോടെ അയാള്‍ നാളുകള്‍ തളളിനീക്കി. ചിന്നുവുമായുളള അടുപ്പവും സ്‌നേഹവും ഭാര്യയുമായിട്ട് അയാള്‍ പങ്കുവെക്കാറുണ്ടായിരുന്നു. അയാള്‍ക്ക് ഒരു സുഹൃത്തിന്റെ ഫോണ്‍കോള്‍ വന്നു. മറുതലയ്ക്കല്‍ നിന്ന് സന്തോഷവാര്‍ത്തയാണ് കിട്ടിയത്. 'ചിന്നുവിന്റെ ഫോണ്‍നമ്പറില്ല. മകന്റെ നമ്പറുകിട്ടിയിട്ടുണ്ട്. അയച്ചു തരട്ടെ?', സന്തോഷപൂര്‍വ്വം അയാള്‍ മറുപടി നല്‍കി. 'പെട്ടെന്ന് അയച്ചു തരൂ' നമ്പര്‍ കിട്ടി. ആകാംക്ഷയോടെ വിളിച്ചു. ഞാന്‍ ചിന്നമ്മുവിന്റെ മകന്‍ മധു ആണ്. അയാള്‍ മധുവിനോട് ഉളളുതുറന്ന് സംസാരിച്ചു.

അയാളും ചിന്നുവുമായുളള അടുപ്പവും പഠനകാലവും, കത്തകളയച്ചതും എല്ലാം. 'അമ്മ ഇക്കാര്യമെല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്.. നിങ്ങള്‍ ഓണ്‍ലൈനില്‍ എഴുതുന്ന കഥകളെല്ലാം ഞാന്‍ അമ്മയ്ക്ക് വായിച്ചുകൊടുക്കാറുണ്ട്', ഇത് കേട്ടപ്പോള്‍ അയാളുടെ മനസ്സില്‍ കുളിര്‍മ തോന്നി. മധു പറഞ്ഞു നിര്‍ത്തിയതിങ്ങിനെയാണ്. 'അമ്മയ്ക്ക് ഇപ്പോള്‍ ഓര്‍മ്മതീരെയില്ല, പഴയതൊക്കെ ഓര്‍മ്മയുണ്ട്. നിങ്ങള്‍ അമ്മയോട് സംസാരിച്ചു നോക്കൂ', ഇക്കാര്യം കേട്ടപ്പോള്‍ അല്പം വിഷമം തോന്നിയെങ്കിലും അയാള്‍ ചിന്നമ്മുവിനോട് സംസാരിച്ചു 'ചിന്നൂ….' 'ഓ…ഇതാരപ്പാ.' 'ഞാനാണ് ചിന്നുവിന്റെ കരുണാകരന്‍' ചിന്നു ചിരിക്കാന്‍ തുടങ്ങി, നിര്‍ത്താതെയുളള ചിരി…. 'മറന്നിട്ടില്ല കരുണ്‍ ഞാനൊന്നും, മനസ്സിലുണ്ട് നിന്റെ രൂപവും ഭാവവും ഒക്കെ… ഒന്നു വരണേ കാണാന്‍ കൊതിയാവുന്നു', ചിന്നുവിന്റെ ഓര്‍മ്മ നശിച്ചിട്ടില്ല…. ഞാന്‍ വരും നിന്നെകാണാന്‍.


Keywords: News, Kerala, Story, Article, Top-Headlines, Valentine's-Day, Love, Trending, Friends, Romance, Romance that started at 18 continues at 68.
< !- START disable copy paste -->

Post a Comment