മോസ്‌കോ: (www.kvartha.com 22.02.2022) വിദ്യാര്‍ഥികളും പൗരന്മാരും ഉടന്‍ യുക്രൈനില്‍ നിന്ന് മടങ്ങണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ഇന്‍ഡ്യന്‍ എംബസി. ഇന്‍ഡ്യയിലേക്ക് മടങ്ങാന്‍ കൂടുതല്‍ വിമാന സര്‍വീസുകളും സജ്ജമാക്കിയിട്ടുണ്ട്. യുക്രൈനിലെ ഇന്‍ഡ്യന്‍ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളെയും നാട്ടിലേക്ക് അയക്കും.
നേരത്തെ മൂന്ന് വന്ദേഭാരത് സര്‍വീസ് വിമാനങ്ങള്‍ യുക്രൈനിലേക്ക് പ്രഖ്യാപിച്ചിരുന്നു. അതില്‍ ആദ്യ വിമാനം ചൊവ്വാഴ്ച രാത്രി 10 ന് ഡെല്‍ഹിയില്‍ തിരിച്ചെത്തും. രാവിലെയാണ് ഈ വിമാനം യുക്രൈനിലേക്ക് പുറപ്പെട്ടത്. ഇതുകൂടാതെ ഫെബ്രുവരി 26, 26 മാര്‍ച്ച് 6 തീയതികളിലും പ്രത്യേക വിമാനങ്ങള്‍ യുക്രൈനിലേക്ക് സര്‍വീസ് നടത്തുമെന്നും ഇന്‍ഡ്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.
20000 ത്തോളം ഇന്‍ഡ്യക്കാര്‍ യുക്രൈനിലുണ്ടാകുമെന്നാണ് കണക്ക്. ഇതില്‍ അധികവും വിദ്യാര്‍ഥികളാണ്. ഇവരെ ആദ്യ പരിഗണന നല്‍കി നാട്ടിലെത്തിക്കാനാണ് സര്‍കാര്‍ നീക്കം. ഇന്‍ഡ്യക്കും യുക്രൈനുമിടയില്‍ വിമാനസര്‍വീസുകള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയതിന് പിന്നാലെയാണ് തീരുമാനം.
സഹായം ആവശ്യമുള്ള യുക്രൈനിലെ ഇന്‍ഡ്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയവുമായോ അല്ലെങ്കില്‍, കണ്‍ട്രോള്‍ റൂം വഴിയോ ബന്ധപ്പെടാം. യുക്രൈനിലെ ഇന്‍ഡ്യന്‍ എംബസിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം യുക്രൈനിലെ വിമത മേഖലകള്‍ നിയന്ത്രണത്തിലാക്കാന്‍ റഷ്യയൊരുങ്ങുന്നതായി റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി 2014 മുതല്‍ യുക്രൈനുമായി വിഘടിച്ച് നില്‍ക്കുന്ന വിമത പ്രദേശങ്ങളായ ഡോണെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് എന്നീ പ്രദേശങ്ങളുടെ സ്വാതന്ത്ര്യം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അംഗീകരിച്ചു.
വിഘടിച്ചു നില്‍ക്കുന്ന രണ്ടു പ്രവിശ്യകളിലേക്ക് റഷ്യ സൈനിക നീക്കം തുടങ്ങിയെന്നും അടക്കം വന്‍ സന്നാഹങ്ങളുമായി റഷ്യന്‍ സൈന്യം അതിര്‍ത്തി കടന്നെന്നുമാണ് വിവരം. ഡോണെറ്റ്സ്‌കിലേക്ക് ടാങ്കുകള്‍ അടക്കം വന്‍ സന്നാഹങ്ങളുമായി റഷ്യന്‍ സൈന്യം പ്രവേശിച്ചു. രാജ്യത്തോടായി തിങ്കളാഴ്ച നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ടെലിവിഷന്‍ അഭിസംബോധനയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഈ സൈനിക നീക്കം പ്രഖ്യാപിച്ചിരുന്നു. യുക്രൈന് ഒരിക്കലും ഒരു സ്വതന്ത്ര രാജ്യത്തിന്റെ സ്വഭാവം ഉണ്ടായിരുന്നില്ലെന്ന് പുടിന്‍ പറഞ്ഞു.
ഇപ്പോള്‍ യുക്രൈനിലുള്ള ഭരണകൂടത്തെ നിയന്ത്രിക്കുന്നത് അമേരികയാണ്. ഡോണെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് എന്നിവയുടെ സ്വാതന്ത്ര്യം റഷ്യ അംഗീകരിക്കുന്നു. റഷ്യന്‍ അനുകൂലികളുടെ ഈ പ്രവിശ്യകളിലേക്ക് റഷ്യ സൈന്യത്തെ അയയ്ക്കുന്നത് അവിടങ്ങളില്‍ സമാധാനം ഉറപ്പിക്കാനാണെന്നുമാണ് പുടിന്‍ പറഞ്ഞത്.
പുടിന്റെ സൈനിക നീക്കത്തോട് കടുത്ത ഭാഷയിലാണ് യൂറോപ്യന്‍ രാജ്യങ്ങളും അമേരികയും പ്രതികരിച്ചത്. സൈന്യത്തെ അയച്ച റഷ്യയുടെ തീരുമാനം തീക്കളിയാണെന്ന് അമേരികയും യൂറോപ്യന്‍ രാജ്യങ്ങളും പ്രതികരിച്ചു. പ്രതീക്ഷിക്കപ്പെട്ട നാണംകെട്ട നടപടി എന്നായിരുന്നു അമേരികയുടെ പ്രതികരണം. റഷ്യക്ക് എതിരെ കടുത്ത ഉപരോധ നടപടികള്‍ക്ക് അമേരിക തുടക്കമിട്ടു.
റഷ്യ എന്ത് പറഞ്ഞാലും യുക്രൈന്റെ ഭൂമിശാസ്ത്രപരമായ അതിരുകള്‍ മാറില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലിന്‍സ്‌കി പറഞ്ഞു. ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനം എന്ന് ഐക്യരാഷ്ട്ര സഭാ മേധാവി അന്റോണിയോ ഗുട്രസ് പറഞ്ഞു. അമേരികയും ബ്രിടനും ഉപരോധ നടപടി തുടങ്ങി. സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അടിയന്തിര യുഎന്‍ രക്ഷാ സമിതി യോഗത്തില്‍ ലോകരാജ്യങ്ങള്‍ പലതും റഷ്യയുടെ നടപടിയെ അപലപിച്ചു.
എന്നാല്‍ അതിര്‍ത്തികള്‍ സംരക്ഷിക്കാനും സ്വയം പ്രതിരോധത്തിനും അവകാശമുണ്ടെന്നായിരുന്നു റഷ്യയുടെ നിലപാട്. ലോകത്തെ പ്രധാന വിമാനക്കമ്പനികള്‍ പലതും യുക്രൈനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി.